Friday 25 May 2012

കമ്പൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

മുഖം മനസിന്റെ കണ്ണാടിയാണെങ്കില്‍ ആത്മാവിന്റെ കണ്ണാടിയാണ് കണ്ണുകള്‍. എന്നാല്‍ സൈബര്‍യുഗത്തിന്റെ ദൌര്‍ബല്യമായി മാറിക്കഴിഞ്ഞ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണ്‍, ഹാന്റ് വീഡിയോ ഗെയിമുകള്‍, ഇ-ബുക്കുകകള്‍ തുടങ്ങിയവയും ഈ കണ്ണാടിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. നമ്മുടെ കാലഘട്ടത്തിന് ഒഴിവാക്കാന്‍ പറ്റാത്തതായി ഈ ഉല്പന്നങ്ങള്‍ മാറുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം സര്‍വ്വസാധാരണമായി മാറി എന്നു ചുരുക്കം. കഴുത്തുവേദന, തലവേദന, കാഴ്ചമങ്ങല്‍ ഇങ്ങനെ പോകുന്ന അസുഖങ്ങളുടെ പട്ടികയില്‍ ഏതെങ്കിലുമൊന്ന് അനുഭവിക്കാത്തവരായി നമ്മുടെ 'ടെക്കി'കള്‍ക്കിടയില്‍ ആരുമുണ്ടാവില്ല.
അപ്പോള്‍ പുതിയ യുഗത്തിലെ ഈ പുതിയ അസുഖത്തിന്റെ ഗൌരവവും വ്യാപനവും എത്രമാത്രമെന്ന് പിടികിട്ടിയല്ലോ. പേടിക്കേണ്ട. പ്രശ്നം ആരംഭിച്ചതുമുതല്‍ ഗവേഷകര്‍ തലപുകയ്ക്കാനും തുടങ്ങിയിരുന്നു. കമ്പ്യൂട്ടറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കണ്ണുചിമ്മാന്‍ മറന്നുപോകുന്നതാണ് കണ്ണിന്റെ ആയാസത്തിനും വരള്‍ച്ചയ്ക്കുമൊക്കെ ഇടയാക്കുന്നതെന്ന പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം പ്രായപൂര്‍ത്തിയായവരില്‍ പ്രവര്‍ത്തനക്ഷമത കുറയ്ക്കുമെന്നും കുട്ടികളില്‍ ഗ്രാഹ്യശേഷി കുറയുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന ഭീഷണിയില്‍നിന്ന് നിങ്ങളുടെ കണ്ണുകളെ കാക്കാനുള്ള പത്തു മാര്‍ഗ്ഗങ്ങള്‍ ഇതാ.
1. സമഗ്രമായ കണ്ണുപരിശോധന
കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തെ നേരിടാനുള്ള ആദ്യവഴി നിങ്ങളുടെ കണ്ണുകളുടെ സമഗ്രമായ പരിശോധനയാണ്. പതിവായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ തങ്ങള്‍ ഈ തൊഴില്‍ ചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കില്‍ തീര്‍ച്ചയായും വിശദമായ കണ്ണുപരിശോധനയ്ക്ക് വിധേയമാകണം. പരിശോധനാവേളയില്‍ ഡോക്ടറോട് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ രീതികളെക്കുറിച്ച് പറയുകയും വേണം.
2. അനുയോജ്യമായ പ്രകാശ ക്രമീകരണം
ജനാലയിലൂടെ സ്ക്രീനിലേക്കടിക്കുന്ന സൂര്യപ്രകാശമായാലും മുറിക്കുള്ളിലെ വൈദ്യുതിവെളിച്ചമായാലും അത് ഒരു പരിധിയില്‍ കൂടുതല്‍ തീവ്രമായാല്‍ നിങ്ങളുടെ കണ്ണുകളുടെ ആയാസം വര്‍ദ്ധിപ്പിക്കും. അതിനാല്‍ സ്ക്രീനിലെ വെളിച്ചതിന് സമാനമായ പ്രകാശം മുറിക്കുള്ളില്‍ ക്രമീകരിക്കുക. ഇരുട്ടുള്ള തീയേറ്ററുകളിലിരുന്ന് സിനിമ കാണുന്നതുപോലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കരുത്. സ്ക്രീനില്‍നിന്നുള്ള ഗ്ളെയര് നിങ്ങളുടെ കണ്ണുകളെ അസ്വസ്ഥമാക്കുകയും ഭാവിയില്‍ കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തിലേക്കു നയിക്കുകയും ചെയ്യും
3. തെളിച്ചം കുറയ്ക്കുക
മിനുസമുള്ള പ്രതലത്തിലോ വെള്ളച്ചുവരിലോ പ്രകാശം തട്ടുമ്പോള്‍ പ്രതിഫലിക്കുന്നതുപോലെയാണ് കമ്പ്യൂട്ടര്‍ സ്ക്രീനിലും സംഭവിക്കുന്നത്. അതിനാല്‍ നിങ്ങളുടെ മോണിറ്ററിന് ഗ്ളെയര്‍ അടിക്കാത്ത സ്ക്രീന്‍ പരിഗണിക്കുക. സ്ക്രീനിന്റെ തെളിച്ചം അല്പം കുറച്ചുവയ്ക്കാം. മിനുത്ത വെള്ളച്ചുവരുകള്‍ക്കു പകരം അല്പം ഇരുണ്ടതും പരുപരുത്തതുമായ ഭിത്തിയുള്ള മുറിയിലാവട്ടെ നിങ്ങളുടെ കമ്പ്യൂട്ടര്‍ ജോലികള്‍.
4. മികച്ച സ്ക്രീനുള്ള മോണിറ്റര്‍ തെരഞ്ഞെടുക്കാം
പുതിയ എല്‍സിഡി സ്ക്രീനുകള്‍ക്ക് അല്പം പരുപരുത്ത ഉപരിതലമാണുള്ളത്. നിങ്ങള്‍ പുതിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ പ്രകാശം പ്രതിഫലിക്കുന്നതു തടയാന്‍ കഴിവുള്ള ദൃഢതയുള്ള സ്ക്രീന്‍ ആണോ എന്ന് ഉറപ്പുവരുത്തുക. വലിയ ഡിസ്പ്ളേയാണ് ഉചിതം. ഡസ്ക് ടോപ് കമ്പ്യൂട്ടര്‍ ആണെങ്കില്‍ സ്ക്രീനിന് കുറഞ്ഞത് 19 ഇഞ്ചെങ്കിലും വലുപ്പം ഉണ്ടാവണം.
5. ഇടയ്ക്കിടെ കണ്ണു ചിമ്മുക
തുടര്‍ച്ചയായ കമ്പ്യൂട്ടര്‍ജോലികള്‍ക്കിടയില്‍ ഇടയ്ക്കിടെ കണ്ണുചിമ്മാന്‍ ഓര്‍ക്കുക. ഇത് കണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
6. കണ്ണുകള്‍ക്ക് വ്യായാമം നല്‍കുക
ഒരേ സ്ഥലത്തേക്ക് ദീര്‍ഘനേരം ദൃഷ്ടികള്‍ കേന്ദ്രീകരിക്കുന്നതാണ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ കണ്ണിനെ തകരാറിലാക്കുന്ന ഒരു കാര്യം. ഓരോ ഇരുപതു മിനിട്ടുകള്‍ക്കുമിടയില്‍ കമ്പ്യൂട്ടറില്‍നിന്ന് കണ്ണെടുത്ത് ദൂരെയുള്ള വസ്തുവിലേക്ക് ദൃഷ്ടികള്‍ പായിക്കുക. കുറഞ്ഞത് 20 അടി അകലെയുള്ള വസ്തുവിലേക്കാകട്ടെ നിങ്ങളുടെ നോട്ടം. ദൂരേക്കു നോക്കുമ്പോള്‍ കണ്ണിനുള്ളിലെ മസിലുകള്‍ക്ക് അയവു ലഭിക്കും.


7. ഇടയ്ക്കിടയ്ക്കു വിശ്രമിക്കുക
കമ്പ്യൂട്ടര്‍ ജോലി ചെയ്യുന്നതുമൂലം നിങ്ങള്‍ക്കുണ്ടാകുന്ന കഴുത്തുവേദന, ഷോള്‍ഡര്‍ പെയിന്‍, കാഴ്ചപ്രശ്നം, എന്നിവയ്ക്ക് ആശ്വാസം ലഭിക്കാന്‍ കൃത്യമായ ഇടവേളകള്‍ പാലിക്കുക. എഴുന്നേറ്റ് കൈകാലുകള്‍ വലിച്ചുനീട്ടുക
8. തൊഴിലിടം നവീകരിക്കുക
നിങ്ങളുടെ തൊഴില്‍സ്ഥലം ആവശ്യമായ വെളിച്ചവും വായുവും കടക്കുന്നതാവട്ടെ. കമ്പ്യൂട്ടര്‍ റൂം, കസേര, കമ്പ്യൂട്ടര്‍ ടേബിള്‍ എന്നിവ ശാസ്ത്രീയമായി ക്രമീകരിക്കുക. നിങ്ങളുടെ കണ്ണും കമ്പ്യൂട്ടര്‍സ്ക്രീനും തമ്മില്‍ 20-24 ഇഞ്ച് അകലമുണ്ടെന്ന് ഉറപ്പുവരുത്തണം.
9. പ്രൊട്ടക്ടഡ് ഗ്ളാസ് ധരിക്കുക
പ്രോഗ്രസീവ് ലെന്‍സുകള്‍ അല്ലെങ്കില്‍ ബൈഫോക്കല്‍ ലെന്‍സുകള്‍ ഘടിപ്പിച്ച കണ്ണട ധരിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ സ്ക്രീനിനു മുന്നില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ സക്രീനിനു മുകളില്‍ ആന്റി ഗ്ളെയര്‍ കവര്‍ ഇടുക,
10. വീക്കെന്റില്‍ ഒരു ഔട്ടിങ്ങ്
ആഴ്ചയിലൊരിക്കല്‍ കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ ഒരു ഔട്ടിങ്ങ് നടത്തുക. കണ്ണുകള്‍ക്കു മാത്രമല്ല, നിങ്ങളുടെ ശരീരത്തിനും മനസിനും ഈ വിനോദം ആവശ്യമാണ്. ആഴ്ചയിലെ അവധിദിവസം കമ്പ്യൂട്ടറില്‍നിന്ന് കണ്ണെടുത്ത് ടി.വി.ക്കു മുന്നില്‍ ഇരുന്നതുകൊണ്ട് കാര്യമില്ല. വീട്ടിലെ സ്ക്രീനുകളോട് ഒരു ദിവസത്തേക്ക് വിടപറഞ്ഞ് നിങ്ങളുടെ കണ്ണുകളെ പ്രകൃതിയുടെ വിശാലതയിലേക്കു പായിക്കൂ. അടുത്ത ഒരാഴ്ച ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ ഈ ഔട്ടിങ്ങ് നിങ്ങളെ സഹായിക്കും

No comments:

Post a Comment