Thursday 31 May 2012

എന്താണീ വര്‍ഗ്ഗീയത?

പലപ്പോഴും നമ്മുടെ പൊതുചര്‍ച്ചകളില്‍ പ്രധാനപ്പെട്ട പ്രമേയമായിക്കൊണ്ടിരിക്കുകയാണ് വര്‍ഗ്ഗീയത. തെരഞ്ഞെടുപ്പുവേളകളിലാണ് പലപ്പോഴും ഈ വിഷയം കൊടുമ്പിരിക്കൊള്ളുന്നത്.ഏത് കക്ഷിക്കാണ് വര്‍ഗ്ഗീയതയുള്ളത്, ഏത് മുന്നണിക്കാണ് വര്‍ഗ്ഗീയവാദികളുമായി ബന്ധമുള്ളത് എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗ്ഗീയത ചീത്തയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരില്ല!  
.
സാധാരണ കേള്‍ക്കാറുള്ള ചോദ്യം:  അവനവന്റെ നാട്ടുകാരെയോ, ജാതിക്കാരെയോ, ഭാഷക്കാെരയോ സ്‌നേഹിക്കുന്നത് തെറ്റാണോ? അവരെ സേവിക്കുന്നത് കുറ്റമാണോ? അല്ല. ഒറ്റക്കോ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ് വിളിക്കാറ്; വര്‍ഗ്ഗീയവാദികള്‍ എന്നല്ല. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹ്യപരിഷ്‌ക്കരണം തുടങ്ങി പല രംഗങ്ങളിലും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രസേവനം തന്നെയാണ്. ശ്രീനാരായണഗുരു, സനാഉല്ലാ മക്തിത്തങ്ങള്‍ , അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍  ഓര്‍ത്തുനോക്കുക. അത്തരം സാമുദായികമുന്നേറ്റങ്ങളിലൂടെയാണ്  രാഷ്ട്രം പുരോഗമിക്കുന്നത്.
ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള ഈ പരിഗണന അധികാരത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്റെ അധികാരവത്ക്കരണമാണ് അപ്പോള്‍ നടക്കുന്നത്. സമുദായസ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്.  അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹ്യജീവിതത്തിന്റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ദുര്‍ബലരുടെ അവശതയ്ക്ക് പരിഹാരം ഉണ്ടാവുന്നതോടെ സാമുദായികവാദം കൈയൊഴിക്കണം.
ഇവിടെ വരാനിടയുള്ള എതിര്‍വാദം: ജനാധിപത്യവ്യവസ്ഥയില്‍ ഏത് വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്ക് കിട്ടണം. വംശം, ഭാഷ, വര്‍ണ്ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്.  ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ദല്‍ഹിയില്‍ സിക്കുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്ത്യാനികളും  കൊലകള്‍ക്ക് ഇരയായ അനുഭവം ഉദാഹരണം.
മറുപടി: ഇത്തരം അനീതികള്‍ അവയ്ക്ക് വിധേയരാവുന്ന  വിഭാഗത്തിന്റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്റെ പൊതുപ്രശ്‌നമാണ്. അതിന്നു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ  വിഷമങ്ങള്‍ ആ വിഭാഗത്തിന് മാത്രമായി പരിഹരിക്കാന്‍ കഴിയില്ല.  അവര്‍ ന്യൂനപക്ഷമാണ് എന്നതുതന്നെ കാരണം. സാമുദായികവാദം കൊണ്ട് ചില പിന്നോക്കക്കാര്‍ക്ക് ആനുകൂല്യങ്ങളും  സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍ക്ക് വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അത് പ്രാപ്തമാവുകയില്ല. സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിന് പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോട് വെറുപ്പ് പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗ്ഗീയം എന്ന് കുറ്റപ്പെടുത്താനാവില്ല.
അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്ക്ക് പുറത്ത് പുലരാനിടയാവുന്നത്
കൊണ്ടാണ് സാമുദായികവാദം ഉരുവം കൊള്ളുന്നത്.  അത്തരം അനീതികള്‍ ഇല്ലായ്മ ചെയ്യാന്‍  ജനാധിപത്യം പ്രാപ്തി നേടുമ്പോള്‍  സാമുദായികവാദം അപ്രസക്തമായിത്തീരും. സാമുദായികവാദത്തിന് വികാരതീവ്രതകൊ്യു്  തീകൊടുക്കുമ്പോഴാണ്  അത് വര്‍ഗ്ഗീയവാദമായി ചുട്ടുപഴുക്കുന്നത്. വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്റെ വാതകം ആക്കി തീക്കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ് ബാല്‍താക്കറെ പ്രാദേശികതയെ ആണ് കത്തിക്കുന്നത്.
എന്താണ് വര്‍ഗ്ഗീയവാദം? സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്?സ്വന്തക്കാരോടുള്ള സ്‌നേഹമാണ് സാമുദായികവാദം.  സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ് വര്‍ഗ്ഗീയവാദം. ഒരു വിഭാഗത്തിന് ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ് സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ് വര്‍ഗ്ഗീയവാദം. സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗ്ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക് ആശയമാണ് ആയുധം. ര്യുാമത്തെ കൂട്ടര്‍ക്ക് ആയുധമാണ് ആശയം.ജനാധിപത്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗീയവാദത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല.അതുകൊ്യുാണ് വര്‍ഗ്ഗീയവാദികള്‍ പാര്‍ലമെന്റ്മന്ദിരം ആക്രമിക്കുന്നത്.
സംവാദം സാമുദായികവാദത്തിന് പറ്റും; വര്‍ഗ്ഗീയവാദത്തിന് പറ്റില്ല. നാവടക്കൂ എന്നതാണ് അതിന്റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും. സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ് വര്‍ഗ്ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്  ആര്യവംശാധിപത്യത്തിന്  വേണ്ടി പ്രവര്‍ത്തിച്ചത്.  ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗ്ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗ്ഗീയതയും മുന്നേറുന്നു. ആര്യവംശാധിപത്യം എന്നുപറയുമ്പോലെത്തന്നെ ഫാസിസ്റ്റ് ആശയമാണ് ഹിന്ദുരാഷ്ട്രം, ഇസ്ലാമികരാഷ്ട്രം എന്നീ സങ്കല്‍പങ്ങള്‍. രാഷ്ട്രമതം എന്നത് ആ മതത്തില്‍ പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി  തരം കെടുത്തി ഒരു മതവിഭാഗത്തിന്റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്നമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനവിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിന് ബന്ധമില്ല.
അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിന് പ്രത്യയശാസ്ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍  ആ വാദം തീര്‍ന്നു. വര്‍ഗ്ഗീയവാദം ഒരു പ്രത്യയശാസ്ത്രമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണത്.   സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവത്തിന്റെ ഭരണം എന്നതാണ് വര്‍ഗ്ഗീയവാദികളുടെ മതരാഷ്ട്രസങ്കല്‍പത്തിന്റെ ഉള്ളടക്കം.  അത് ജനാധിപത്യവിരുദ്ധമാണ് എന്ന് വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പേരില്‍, ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ് ആര്യാധിപത്യത്തിന്റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്!
എന്തിന്റെ പേരില്‍ പുലരുന്ന വര്‍ഗ്ഗീയവാദവും ഹിംസയില്‍ അധിഷ്ഠിതമാണ്. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ് അതിന്റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്. കൊന്നാല്‍ ഇഹലോകത്തും  മരിച്ചാല്‍ പരലോകത്തും വീരസ്വര്‍ഗ്ഗം എന്നതാണ് അതിന്റെ പ്രലോഭനം. പ്രതിരോധത്തിന്റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ് അതിന്റെ നീതിശാസ്ത്രം. കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്,  സമാധാനലംഘനം എങ്ങനെയാണ് ജനസേവനമാകുന്നത് എന്ന് വര്‍ഗ്ഗീയവാദത്തോട് ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.
നമ്മള്‍ ഓര്‍ത്തിരിക്കണം: ഏത് തരം വര്‍ഗ്ഗീയവാദവും ജനവിരുദ്ധമാണ്. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുന്നു- ജനാധിപത്യത്തിന്റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ  ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട് എന്നതാണ്.(മതേതരവാദത്തെ മുസ്ലീങ്ങള്‍ പേടിക്കേണ്ടതുണ്ടോ?എന്ന പുസ്തകത്തില്‍നിന്നും)

No comments:

Post a Comment