Thursday, 31 May 2012

ക്രിസ്തു ആരുടെ സ്വത്ത്? പള്ളിയുടെയോ പാര്‍ട്ടിയുടേയോ?


ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ അന്ത്യഅത്താഴ ചിത്രം സി പി എം വികലമായി ഉപയോഗിച്ചു എന്ന് ആരോപണത്തെത്തുടന്നുണ്ടായ ചര്‍ച്ചകള്‍ക്ക് സാംസ്‌കാരികകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ .  ആദ്യമായല്ല ഈ ചിത്രം വിവാദവിഷയമാകുന്നത്. വാര്‍ത്ത പുറത്തുവിട്ട മനോരമതന്നെ ഈ ചിത്രം കാര്‍ട്ടൂണായി ഉപയോഗിച്ചുണ്ടെന്ന വാദവുമായി പാര്‍ട്ടി രംഗത്തെത്തിക്കഴിഞ്ഞു. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വകാര്യസ്വത്തല്ല എന്ന്  മാര്‍ ക്രിസോസ്റ്റത്തെപ്പോലെയുള്ള തിരുമേനിമാര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ഏറ്റവും പെട്ടന്ന് വ്രണപ്പെടുന്ന വികാരം മതവികാരമാണ് എന്നതിനാലാകാം ഇത്തരം പ്രശ്‌നങ്ങള്‍ വേഗത്തില്‍ കത്തിപ്പടരുന്നത്. ഏതായാലും പാര്‍ട്ടിയും സഭയുമായുള്ള പടലപ്പിണക്കള്‍ ഈ വിവാദത്തെത്തുടര്‍ന്ന് ചൂടുപിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മാര്‍ക്‌സിസവും ക്രിസ്തുമതവുമായുള്ള സാധര്‍മ്മ്യത്തെ താത്വികമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. പ്രൊഫ നൈനാന്‍ കോശിയുടെ പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ ‘  എന്ന പുസ്തകത്തില്‍ ഇതേ വിഷയത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്. മാര്‍ക്‌സും ക്രിസ്തുവും എന്ന ലേഖനത്തില്‍നിന്ന്:
മാര്‍ക്‌സിസ്റ്റ് ആശയങ്ങളുടെ രൂപീകരണത്തില്‍ ക്രിസ്തുമതം സ്വാധീനംചെലുത്തിയിട്ടുണ്ട്. മാര്‍ക്‌സിസം ക്രിസ്തുമതത്തില്‍നിന്നും പലതും കടമെടുത്തിട്ടുണ്ട്. മാര്‍ക്‌സിസവും ക്രിസ്തീയ ദര്‍ശനങ്ങളുമായി സാധര്‍മ്യമുണ്ട്. എന്നാല്‍ മൗലികമായ വ്യത്യാസങ്ങളുമുണ്ട്. മാര്‍ക്‌സിനു മുമ്പുതന്നെ മാതൃകാപരമായ ഒരു സമൂഹമെന്ന നിലയില്‍ കമ്യൂണിസമെന്നു പറയാവുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ചരിത്രത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. ആ സങ്കല്പങ്ങള്‍ക്കു രൂപം നല്കിയവരില്‍ ക്രിസ്തുവിന്റെ പ്രമാണങ്ങളെ പിന്തുടര്‍ന്ന ചിന്തകരുണ്ടായിരുന്നു.ക്രിസ്തുമതത്തിന്റെ ആരംഭത്തില്‍ത്തന്നെ കമ്യൂണുകള്‍ ഉണ്ടായിരുന്നു. ആദിമസഭയുടെ കൂട്ടായ്മ ഒരു കമ്യൂണ്‍ ആയിരുന്നു. അപ്പോസ്‌തോലപ്രവൃത്തികളില്‍ നാം ഇപ്രകാരം വായിക്കുന്നു. വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു. അവര്‍ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു; ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയും ചെയ്തു. .വിശ്വാസികളുടെ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു. ആരും വ്യക്തിപരമായി സ്വത്ത് അവകാശപ്പെട്ടില്ല. സ്വത്തെല്ലാം സമൂഹത്തിനു പൊതുവായിരുന്നു. അവരുടെ ഇടയില്‍ ദരിദ്രന്മാര്‍ ഉണ്ടായിരുന്നില്ല. കാരണം സ്വന്തമായുണ്ടായിരുന്നതെല്ലാം അവര്‍ പൊതുസ്വത്താക്കിത്തീര്‍ത്തു. ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് അത് വിതണം ചെയ്തു. ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് എന്ന സോഷ്യലിസ്റ്റു പ്രമാണമാണ് ആ സമൂഹം സ്വീകരിച്ചിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രകടിപ്പിച്ച ഒരു ചിന്തകന്‍ വില്‍ഹെം വെയ്റ്റ്‌ലിംഗ്  ആയിരുന്നു. ദരിദ്രരായ പാപികളുടെ സുവിശേഷം എന്ന ഗ്രന്ഥത്തില്‍, പ്രാരംഭകാല ക്രിസ്തുമതത്തില്‍ കമ്യൂണിസം ഉണ്ടായിരുന്നുവെന്നെഴുതി. വെയ്റ്റ്‌ലിംഗിന്റെ വേറൊരു കൃതിയായ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉറപ്പ്”  മാര്‍ക്‌സിന്റെ ശ്രദ്ധപിടിച്ചുപറ്റി. മാര്‍ക്‌സും എംഗല്‍സും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് എന്നായിരുന്നെങ്കിലും വെയ്റ്റ്‌ലിംഗിനെ എംഗല്‍സ് ജര്‍മന്‍ കമ്യൂണിസത്തിന്റെ സ്ഥാപകന്‍ എന്നും പരാമര്‍ശിക്കുകയുണ്ടായി. ലീഗ് ഓഫ് ദി ജസ്റ്റി
ന്റെ സ്ഥാപകനേതാക്കളില്‍ വെയ്റ്റ്‌ലിംഗിന്റെ ആശയങ്ങള്‍ സ്വാധീനം ചെലുത്തി. ലീഗിന്റെ ലക്ഷ്യം
അയല്‍ക്കാരനോടുള്ള സ്‌നേഹം, സമത്വം, നീതി എന്നീ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുകയായിരുന്നു. 1847-ല്‍ ലണ്ടനില്‍ നടന്ന ലീഗ് ഓഫ് ദി ജസ്റ്റിന്റെ സമ്മേളനം കമ്യൂണിസ്റ്റു ലീഗിന്റെ ഉദ്ഘാടനസമ്മേളനമായിത്തീര്‍ന്നു. എംഗല്‍സ് ആ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. സംഘടനയ്ക്ക് ഒരു പ്രകടനപത്രിക ഉണ്ടാക്കാന്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും നിയോഗിച്ചു. അതാണ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ.
ഒരു പ്രത്യേക ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‌സിസം രൂപമെടുത്തപ്പോഴാണ് അതിനു ക്രിസ്തുമതത്തോടുള്ള
ബന്ധം വ്യക്തമായത്. ക്രിസ്തീയ സുവിശേഷത്തോടും ചിന്തകരോടും മാര്‍ക്‌സിസത്തിനുള്ള കടപ്പാട് നിഷേധിക്കാന്‍ സാധ്യമല്ല. അതേ സുവിശേഷവും ചിന്തകളുമാണ് ഇന്നും പുരോഗമനാശയക്കാരായ ക്രിസ്ത്യാനികളെ നയിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം വിമോചനദൈവശാസ്ത്രമാണ്.ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. കമ്യൂണിസത്തിനു തങ്ങളുടെ മതവുമായി ബന്ധമുണ്ടെന്നു കേള്‍ക്കുന്നതു പല ക്രിസ്ത്യാനികള്‍ക്കും അസുഖകരമാണ്. ആ ബന്ധം ഒരു വസ്തുതയാണെങ്കിലും അത് അംഗീകരിക്കുവാന്‍ അവര്‍ വൈമുഖ്യം കാട്ടുന്നു. അപ്പോസ്‌തോലപ്രവൃത്തികള്‍  പോലെയുള്ള വേദഭാഗങ്ങളില്‍ വിവരിച്ചിട്ടുള്ള സാമൂഹ്യക്രമം സ്വമേധായുള്ള തീരുമാനത്തിന്റെ ഫലമാണെന്നും കമ്യൂണിസ്റ്റുകാരാകട്ടെ പുതിയ സാമൂഹ്യക്രമം അടിച്ചേല്പിക്കുകയുമാണെന്ന് അവര്‍ വാദിക്കുന്നു. അതേസമയം സാമൂഹ്യക്രമത്തെപ്പറ്റിയുള്ള അവരുടെ സങ്കല്പങ്ങള്‍ പുതിയനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അതേ സങ്കല്പങ്ങള്‍ മാര്‍ക്‌സിസത്തിലുണ്ടെന്നുള്ള വസ്തുത അവര്‍ നിഷേധിക്കുന്നതാണ് വിരോധാഭാസം.
മാര്‍ക്‌സിന്റെ പ്രാരംഭകാല ചിന്താവികാസത്തില്‍ രണ്ടു പ്രധാന വിഷയങ്ങളുണ്ട്. മനുഷ്യനെപ്പറ്റിയുള്ള സങ്കല്പവും ചരിത്രത്തെപ്പറ്റിയുള്ള സങ്കല്പവും. ഇവയ്ക്കു മനുഷ്യനെയും ചരിത്രത്തെയും സംബന്ധിച്ചുള്ള ക്രിസ്തീയവ്യാഖ്യാനവുമായി പ്രകടമായ സാധര്‍മ്യമുണ്ട്. മാര്‍ക്‌സിന്റെ മനുഷ്യസങ്കല്പം ആദ്യകാലത്തെ മാത്രമല്ല, പില്‍ക്കാലത്തെ രചനകളിലും സുവ്യക്തമായിരുന്നു. മനുഷ്യന്‍ അന്യവല്‍ക്കരിക്കപ്പെടുന്നതും മനുഷ്യന്റെ മാനവികത നഷ്ടപ്പെടുന്നതും. മൗലികമായി മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥയില്‍നിന്ന് അന്യനാണ്, മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥയില്‍ എത്തിയിട്ടുമില്ല. മുതലാളിത്ത സാമൂഹ്യക്രമത്തില്‍ യഥാര്‍ത്ഥ മാനവികത സാധ്യമല്ല. തൊഴിലാളിവര്‍ഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. അവരുടെ ജീവിതത്തിലാണ് അന്യവല്‍ക്കരണവും മാനവികതയുടെ നഷ്ടപ്പെടലും. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള സങ്കല്പം മാര്‍ക്‌സ് ഹെഗലില്‍നിന്ന് സ്വീകരിക്കുകയായിരുന്നു. അതിന്റെ ഉറവിടം ക്രിസ്തീയ പ്രവാചക പാരമ്പര്യമായിരുന്നു. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള ക്രിസ്തീയ ധാരണയും മാര്‍ക്‌സിയന്‍ ധാരണയും തമ്മില്‍ സാധര്‍മ്യവും വ്യത്യാസവുമുണ്ട്. ക്രിസ്തുമതത്തില്‍ അന്യവല്‍ക്കരണം മുഖ്യമായും മനുഷ്യനു ദൈവത്തില്‍നിന്നുള്ള അന്യവല്‍ക്കരണമാണ്. മനുഷ്യനു മനുഷ്യനില്‍നിന്നുള്ള അന്യവല്‍ക്കരണം അതിന്റെ ഫലമാണ്. മാര്‍ക്‌സിസത്തില്‍ മനുഷ്യന് മനുഷ്യനില്‍നിന്നുള്ള അന്യവല്‍ക്കരണം മാത്രമേയുള്ളൂ. ക്രിസ്തുമതത്തിലും മാര്‍ക്‌സിസത്തിലും അന്യവല്‍ക്കണം മനുഷ്യനെ എത്തിക്കേണ്ട നിലയില്‍ എത്തിക്കുന്നില്ല. അവന്റെ സാധ്യതകളെ മുരടിപ്പിക്കുന്നു. വ്യക്തിയെപ്പറ്റി മാത്രമല്ല, സമൂഹത്തെപ്പറ്റിയും ഇതു ശരിയാണ്
ക്രിസ്തുമതമെന്ന് മാര്‍ക്‌സ് അന്നു കരുതിയിരുന്നതിനെ മാര്‍ക്‌സും എംഗല്‍സും കുറേയേറെ അംഗീകരിച്ചിരുന്നു. ഫ്യോവര്‍ബാക്കിന്റെ മതേതരക്രിസ്തുമതം രണ്ടുപേര്‍ക്കും പില്‍ക്കാല നിലപാടിലേക്ക് ഒരു പാലമായിത്തീര്‍ന്നു. അന്യവല്‍ക്കരണം എന്ന തത്ത്വമുപയോഗിച്ചാണ് മാര്‍ക്‌സ് അര്‍ദ്ധദൈവശാസ്ത്ര വിശദീകരണത്തില്‍നിന്ന് അര്‍ദ്ധ സാമൂഹ്യശാസ്ത്രവിശദീകരണത്തിലേക്കു നീങ്ങുന്നത്. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ ധാരണ ഒരു വലിയ അളവില്‍ ക്രിസ്തുമതത്തില്‍നിന്ന് സ്വീകരിച്ചതാണ്.
സാമൂഹ്യ അനീതിയെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ ആഖ്യാനവും വിമര്‍ശനവും വേദപുസ്തകത്തിലെ ആഖ്യാനവും വിമര്‍ശനവുമായി മിക്കയിടത്തും ഒത്തുചേരുന്നതാണ്. ഈ ഒത്തുചേരലിനെ വിവിധ കോണുകളില്‍നിന്ന് സമീപിക്കാം. നീതിക്കു പരിഗണന നല്കാത്ത സമൂഹങ്ങളെ പഴയനിയമപ്രവാചകന്മാരും യേശുക്രിസ്തുവും വിമര്‍ശിക്കുന്നു. ഇവര്‍ വിഭാവന ചെയ്യുന്ന ചൂഷണരഹിതമായ സാമൂഹ്യക്രമംതന്നെയാണ് പില്‍ക്കാലത്ത് മാര്‍ക്‌സ് വിഭാനവനചെയ്യുന്നതെന്നു പറയാം. വേദഗ്രന്ഥങ്ങളിലൂടെ മനുഷ്യനു ദൈവത്തില്‍നിന്നുള്ള സന്ദേശം, പൂര്‍ണമായി നീതിയുള്ള ഒരു വ്യവസ്ഥിതി ഈ ലോകത്തില്‍തന്നെ കെട്ടിപ്പടുക്കണമെന്നാണ്; ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രതിഫലനമായി. സ്വകാര്യസത്തും സാമ്പത്തിക അസമത്വവും അപലപിക്കപ്പെടുന്നു. കമ്യൂണിസത്തിന് അനുകൂലമായ, സാമ്പത്തികക്രമീകരണത്തിന്റെ നീതീകരിക്കാവുന്ന ഏകരൂപമാണ് ബൈബിളില്‍ നാം കാണുന്നത്. സാമൂഹ്യനീതിയുടെ മാനദണ്ഡങ്ങളായി മാര്‍ക്‌സ് ഉയര്‍ത്തിക്കാട്ടുന്നത് ആദ്യകാല ക്രിസ്തീയ മാനവികതയിലേതുതന്നെയാണ്.
ലോകത്തെ പരിവര്‍ത്തനം ചെയ്ത് ഒരു പുതിയ യുഗത്തിനു സ്വാഗതം നല്കാന്‍, ക്രിസ്തുവും മാര്‍ക്‌സും അവരുടെ അനുയായികളോട് പൂര്‍ണമായ വിശ്വസ്തത ആവശ്യപ്പെടുന്നു. യേശുവിന്റേത് ദൈവകേന്ദ്രീകൃതവും മാര്‍ക്‌സിന്റേതു സാമ്പത്തിക സംബന്ധവുമായിരുന്നെങ്കിലും രണ്ടുപേരുടെയും പരമമായ ലക്ഷ്യം പ്രായോഗികവും ധാര്‍മികവുമായിരുന്നു. മനുഷ്യജീവിതത്തിന്റെ ഒരു വിപ്ലവമാണ് ആവശ്യമായുള്ളത്. പ്രതിബദ്ധത അസന്ദിഗ്ധമായിരിക്കണം. ഭൗതികവസ്തുക്കളിലുള്ള വിശ്വാസവും സ്വത്തും ധനവും അധികാരവും സാമൂഹ്യപദ്ധതിയും എല്ലാം ഉപേക്ഷിച്ച് ദൈവവാഴ്ചയുടെ ഉടനെയുള്ള ആഗമനത്തിനായി കാത്തിരിക്കാന്‍ ക്രിസ്തു ആവശ്യപ്പെട്ടു. ബൂര്‍ഷ്വാസിയുടെ ആധിപത്യത്തെ പരാജയപ്പെടുത്താനും രാഷ്ട്രീയാധികാരം പിടിച്ചടക്കുവാനുമായി തങ്ങളുടെ വര്‍ഗത്തെ സംഘടിപ്പിക്കുകയാണ് തൊഴിലാളികളുടെ ചരിത്രകര്‍ത്തവ്യമെന്ന് മാര്‍ക്‌സ് വ്യക്തമാക്കുന്നു. ദൗത്യത്തെപ്പറ്റിയുള്ള പ്രത്യേകവീക്ഷണഗതികളാണ് ക്രിസ്തുവും മാര്‍ക്‌സും അവതരിപ്പിക്കുന്നതെങ്കിലും മനുഷ്യജീവിതത്തില്‍തന്നെയുള്ള ക്രിയാത്മകമായ പ്രക്രിയയോട് രണ്ടുപേരും പ്രതിബദ്ധത കാട്ടുന്നു. ക്രിസ്തുവിനുംമാര്‍ക്‌സിനും മനുഷ്യന്റെ പ്രവര്‍ത്തനവിജയത്തിന്റെ ഒരു മാനദണ്ഡം സാമൂഹ്യ ഐക്യദാര്‍ഢ്യമാണ്. ഒരു നീതിപൂര്‍വകമായ സാമൂഹ്യക്രമമെന്ന അന്തിമലക്ഷ്യത്തിലേക്കുള്ള വിപ്ലവസമരത്തിലെ ഒരു പ്രധാനഘടകമാണ് മറ്റുള്ളവരെ ശരിയായ രീതിയില്‍ ജീവിക്കാന്‍ സഹായിക്കുകയെന്നുള്ളത്.
പരസ്പരം സ്‌നേഹിക്കുവാന്‍ യേശു ആഹ്വാനം ചെയ്യുന്നു. ആരെയാണ് സ്‌നേഹിക്കേണ്ടതെന്ന് സുവിശേഷത്തില്‍ വ്യക്തതയില്ലെന്നു പറയുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. മത്തായിയുടെയും (5:44) ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ യേശു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. എന്നാല്‍ അതേസമയം പലരെയും യേശു അപലപിക്കുന്നു: പരീശന്മാരെയും സ്വാര്‍ത്ഥമതികളായ സമ്പന്നരെയും വിശപ്പുള്ളവന് ഭക്ഷണം നല്കാത്തവനെയും നഗ്നന് വസ്ത്രം നല്കാത്തവനെയും.പരസ്പരം സഹായകമാകുകയെന്നതിന് മാര്‍ക്‌സ് നല്കുന്ന അര്‍ത്ഥം സഹകരണാടിസ്ഥാനത്തിലുള്ള തൊഴിലാണ്. ഇതിന് ഉത്പാദനപരമായ ഒരു ഭൗതികവശമുണ്ട്. ഒരു
പുതിയ ശക്തിയുടെ ബഹുജനങ്ങളുടെ കൂട്ടായ ശക്തിയുടെ സൃഷ്ടി. ഈ സാഹോദര്യത്തിന്റെ ദൃഢത ആദ്ധ്യാത്മിക വളര്‍ച്ചയുടെ ഒരു പുതിയ തലത്തിലെത്തിക്കുന്നു. വ്യക്തിക്ക്, സാര്‍വത്രിക സ്വഭാവം ഉണ്ടാകുന്നു. വ്യക്തി പൂര്‍ണനാകുന്നു. അതുപോലെതന്നെ ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം നാം നമ്മുടെ പൂര്‍ണമനുഷ്യ സ്വഭാവം യാഥാര്‍ഥ്യമാക്കുന്നത്, നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളുമായി സംയോജിപ്പിക്കുമ്പോഴാണ്. ഇവിടെ യേശുക്രിസ്തു സ്വയം സാര്‍വത്രികമായി, ആവശ്യങ്ങളുള്ള ഓരോ മനുഷ്യനെയും പ്രതിനിധാനം ചെയ്യുന്നു.
യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനത്തിനു തീര്‍ച്ചയായും രാഷ്ട്രീയമാനങ്ങളുണ്ടായിരുന്നു. പലസ്തീനിലെ അന്നത്തെ രാഷ്ട്രീയസ്ഥിതിയും, യേശുവിന്റെ പ്രവാചകപാരമ്പര്യവും അധികാരിവര്‍ഗത്തിനെതിരെ ആഞ്ഞടിച്ചതുമെല്ലാം, യേശുവിന്റേത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കി. രാജത്വത്തിന്റെ ചിഹ്നങ്ങള്‍ സ്വീകരിച്ചപ്പോള്‍ യേശുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ലോകത്തിനുള്ളിലെ വിമോചനത്തെപ്പറ്റിയാണ് യേശുവിന്റെ പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയഭാവം. ആവശ്യമായ രാഷ്ട്രീയക്രമമെന്തെന്നും ലോകത്തിലെടുക്കേണ്ട രാഷ്ട്രീയ നിലപാടുകളെന്തെന്നും യേശു വ്യക്തമാക്കി. ഇതൊന്നും പരലോകത്തെപ്പറ്റിയായിരുന്നില്ല.എന്നാല്‍ ഇതിന് ഉപരിയായി ഉണ്ടായിരുന്ന ആദ്ധ്യാത്മികതയ്ക്കും ആത്മീയ പ്രസ്ഥാനത്തിനുമാണ് യേശു ഊന്നല്‍ നല്കിയത്. ഇവ തമ്മില്‍ യേശു വേര്‍തിരിച്ചു കാണുന്നില്ല. പുതിയ സാമൂഹ്യക്രമത്തെപ്പറ്റി യേശു നല്കിയമാതൃക പിന്തുടരാനാണ് ആദ്യകാലസഭ ശ്രമിച്ചത്. ഈ മാതൃക തീര്‍ച്ചയായും മാര്‍ക്‌സിസത്തെ സ്വാധീനിച്ചു.

1 comment:

  1. പണം മതം പലിശ

    പലിശയും മാർക്സിസവും

    പലിശ വർജിക്കാൻ പ്രചരണ യത്നം തുടങ്ങാൻ മതക്കാരോ ,പർട്ടിക്കാരൊ ,പുരൊഗമനക്കാരൊ യുക്തിവാദികളൊ യുവതികളൊ യുവക്കന്മാരോ മുന്നോട്ട് വരുമോ ?
    പലിശ നിരോധനം പ്രായോഗികമല്ല പ്രായോഗികമാല്ലാത്തത് എന്ന് പറഞ്ഞു മദ്യ നിരോധന നയം മാറ്റുന്ന സർക്കാർ മദ്യ വർജനം പലിശ വർജനം എന്നിഅവയെ പ്രോത്സാഹിപ്പിക്കുമോ ? മദ്യം കച്ചവടം കുറഞ്ഞാൽസർക്കാർ വരുമാനം കുറയില്ലേ ? പണ കച്ചവടം പലിശ കുറഞ്ഞാലും സർക്കാർ വരുമാനം കുറയില്ലേ സാമ്പത്തിക ഇടപാടുകൾ കുറയില്ലേ ? സാമ്പത്തിക മാന്ദ്യത്തിലേക്ക് സമ്പത്ത് വ്യവസ്ഥയെ തള്ളി വിടില്ലേ ? ഈ സംശയങ്ങളൊന്നും എന്റെയല്ല
    മദ്യ നിരോധന നയത്തെ പ്രായോഗികതയുടെ പെരിലെന്ന പേരിൽ അട്ടിമ റി ക്കുന്നവർ ഉന്നയിക്കാവുന്നതാണ്
    അങ്ങനെയുള്ള ചിന്തഗതിക്കാരിൽ നിന്ന് ആത്മാർഥമായി മദ്യ നിയന്ത്രണമോ പലിശ നിയന്ത്രണമോ പ്രതീക്ഷിക്കാമോ ?
    മദ്യ ,പലിശ നിരോധനം പറഞ്ഞു പലരും മതത്തിലെ മഹിമ പുകഴ്ത്ത്താർ ഉണ്ട് ഇവയുടെ ,പലിശ ,മദ്യ വർജനം നടപ്പിലാകുന്നുണ്ടൊ ?
    നിയന്ത്രണ കാര്യം തന്നെ എങ്ങനെയുണ്ട് ?
    നിയന്ത്രണ സംവിധാനം ആരോരുക്കും ? മത നേതാക്കന്മാർക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും സാമൂഹ്യ പ്രവർത്തകർക്കും ഇക്കാര്യത്തിൽ പലതും ചെയ്യാവുന്നതാണ് ചെയ്യേണ്ടതാണ്
    പലിശ ഒഴിവാക്കി കൊടുക്കുന്നത് ,ഇളവ് നല്കുന്നത് ഇക്കാര്യത്തിൽ ഒരു തുടക്കമാകാം
    പലിശ രഹിത ഫണ്ടുകൾ ബാങ്കുകൾ സ്ഥാപിക്കൽ എന്നിവയെ പ്രോത്സൽഹിപ്പിക്കാം ബോധ വൽക്കരണം നടത്താം
    മതങ്ങളുടെയും രാഷ്ട്രീയ പാർടികളുടെയും ലക്‌ഷ്യം മാനവ സാമൂഹ്യ സുഭിക്ഷതയും സന്തുഷ്ടിയും സമാധാനവും ആയിരിക്കുമ്പോൾ പരസ്പരം മനസിലാക്കി വ്യക്തി ത്വം നില നിർത്തി കൊണ്ടു തന്നെ പ്രവർത്തിക്കാമല്ലൊ ? അതിന്നു കഴിയുമ്പോലെ പ്രവർത്തിക്കുക സഹായിക്കുക സഹകരിക്കുക

    ReplyDelete