കേരളവികസന മാതൃക- മിഥ്യയും യാഥാര്‍ഥ്യവും
കേരളത്തിന്റെ വികസനത്തെപ്പറ്റി ചിലരെങ്കിലും പൊങ്ങച്ചം പറയാറുണ്ട്. പ്രത്യേകിച്ചും ആരോഗ്യ വിദ്യാഭ്യാസരംഗങ്ങളില്‍ കേരളം യൂറോപ്പിന്റെ നിലവാരം പുലര്‍ത്തുന്നുണ്ട് എന്നാണ് അവരുടെ വാദം. നമ്മുടെ 60 വര്‍ഷത്തെ വികസനം എടുത്തുനോക്കൂ. ഏതുരംഗത്താണ് നമ്മള്‍ പുരോഗമിച്ചത്? അമ്പതുകളിലെ അടിസ്ഥാന പുരോഗതിയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്നത്തെ വളര്‍ച്ച അനുഗുണമാകുന്നുണ്ടോ? മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പൊള്ളത്തരം വ്യക്തമല്ലേ?
ജനങ്ങള്‍ക്കു നല്‍കുന്നസേവനവും സുരക്ഷയുമാണ് ഒരു ഭരണകൂടത്തിന്റെ ഗുണനിലവാരം വിലയിരുത്തുവാന്‍ കണക്കാക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ ആഫീസുകളില്‍ എങ്ങനെയുള്ള ജനസേവനമാണ് നടക്കുന്നത്. നാലുതവണയെങ്കിലും കയറിയിറങ്ങാതെ ഒരു കാര്യം അവിടെ നടത്തിക്കിട്ടുമോ? കൈക്കൂലി കൊടുക്കാതെ കാര്യങ്ങള്‍ ന്യായമായി സാധിച്ചുകിട്ടുന്ന എത്ര സര്‍ക്കാര്‍ ആഫീസുകളുണ്ട് കേരളത്തില്‍ ? പിന്നെ സുരക്ഷയുടെ കാര്യം. കേരളത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനുവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ടോ? ആരോഗ്യമുള്ള ഒരു പ്രതിയുടെ പിന്നാലെ നൂറു മീറ്റര്‍ ഓടാന്‍ കെല്പ്പുള്ള എത്ര പോലീസുകാര്‍ നമുക്കുണ്ട്?
അമ്പത്- അറുപതു കൊല്ലം കൊണ്ട് നമ്മുടെ ജനാധിപത്യം എത്രമാത്രം രൂപാന്തരം പ്രാപിച്ചു. രാഷ്ട്രപിതാവായ ഗാന്ധിജിയും ഭരണഘടനാ ശില്പിയായ അംബേദ്ക്കറും വിഭാവനം ചെയ്ത മാതൃകയിലാണോ നമ്മുടെ ജനാധിപത്യം വളര്‍ച്ച പ്രാപിച്ചത്. ഇക്കാലത്ത് അത് വമ്പിച്ച ഒരു തൊഴില്‍ മേഖലയാണ്. ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്ത് അംഗങ്ങള്‍ , എം പി മാര്‍, എം എല്‍ എ മാര്‍ തുടങ്ങിയ പൊതുജന സേവന തസ്ത്ികകളിലേക്ക് ഉള്ള തമ്മിലടിയും കൂട്ടയടിയും എന്തിനെയാണ് സൂചിപ്പിക്കുന്നത്. ദേശീയ പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളുമടക്കം നൂറുകണത്തിനു കക്ഷികളാണ് നമുക്കുള്ളത്. അവയുടെയെല്ലാം വാര്‍ഡുതല പ്രവര്‍ത്തകന്‍മാര്‍ മുതല്‍ ദേശീയ നേതാക്കള്‍വരെ എത്രയെത്ര പേരാണ് പൊതുജനസേവനമെന്ന തൊഴില്‍ രാപകലില്ലാതെ നടത്തിക്കൊണ്ടുപോകുന്നത്. ഇവരുടെയെല്ലാം പിരിവിനിരയാകുന്നവര്‍ ആരാണ്? അതുവച്ചു നോക്കുമ്പോള്‍ ഗുണ്ടാപ്പിരിവ് എത്രയോ ഭേദം! പിരിവുകൊടുക്കാത്ത സാദാ പൗരന് അടി, ഭീഷണി, ചതി, വഞ്ചന. പ്രമുഖ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അടച്ചുപൂട്ടല്‍ റെയ്ഡ് ഭീഷണികള്‍
കക്ഷികള്‍ മാറി മാറി ഭരിക്കുന്നത് നേതാക്കന്‍മാര്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കും ഒരുപോലെ നല്ലതാണ്. ഭരിക്കുമ്പോള്‍ ഭരണകക്ഷി എന്ന നിലയിലും അല്ലാത്തപ്പോള്‍ പ്രതിപക്ഷം എന്ന നിലയിലും പിരിവു നടത്താം. ആരെയും ഭീഷണിപ്പെടുത്താം. ആര് എപ്പോള്‍ വേണമെങ്കിലും മന്ത്രിയാകാം എന്ന പേടികൊണ്ട് ജനം ഏതി ഭീഷണിക്കും വഴങ്ങിക്കൊടുക്കും. എനിക്ക് ഡല്‍ഹിവരെ പിടിയുണ്ട് എന്ന മട്ടിലാണ് കുട്ടിനേതാക്കള്‍ നെഞ്ചുവിരിച്ചു നടക്കുന്നത്. അനുദിന രാഷ്ട്രീയ പ്രവര്‍ത്തകരെ കൂടാതെ ട്രെയ്ഡ്‌യൂണിയന്‍ – സര്‍വീസ് സംഘടനാ ഭാരവാഹികളെക്കൂടി കണക്കാക്കിയാല്‍ ഭരണ പ്രതിപക്ഷക്കാരുടെ (രണ്ടും ഭരണക്കാരാണല്ലോ- ഇടവേളയിലെന്തു കാര്യം) സംഖ്യ വര്‍ദ്ധിക്കും. ഇവരെല്ലാവരും ചേര്‍ന്ന് സാധാരണ മനുഷ്യരെ പിഴിഞ്ഞു പിഴിഞ്ഞ് ഒരു പരുവത്തിലാക്കുന്നു.
കേരളം വികസിച്ചു എന്നാണല്ലോ വാദം. റോഡുകള്‍ വികസിച്ചോ? വൈദ്യുതി ഉത്പാദനം വര്‍ദ്ധിച്ചോ? കൃഷി ചെയ്യുന്ന വയലിന്റെ വിസ്തീര്‍ണ്ണം കൂടിയോ? ഇല്ലല്ലോ.. തലവരി കൊടുക്കേണ്ടുന്ന പള്ളിക്കൂടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. രോഗിയുടെ മേല്‍ കത്തിവച്ച് കാശുപിടുങ്ങുന്ന ആശുപത്രികളുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തിനുമുകളിലൂടെ ഹെലിക്കോപ്റ്ററില്‍ സഞ്ചരിച്ചാല്‍ കാണാം ഫ്‌ളാറ്റുകള്‍ കൂണുകള്‍പോലെ പൊങ്ങിനില്‍ക്കുന്നു. ഇതെല്ലാം വികസനമാണോ? ആണെങ്കില്‍ത്തന്നെ അതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം എന്താണ്? പുതിയ സാമ്പത്തിക ശക്തികള്‍ സര്‍ക്കാരിനെയും മറികടന്ന് വളരുന്നതിന്റെ തെളിവുകളാണോ ഇവയെല്ലാം?
കേരളത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി പല നേതാക്കന്‍മാരും മാസ്റ്റര്‍ പ്ലാനുകളുണ്ടാക്കി അവരവരുടെ കക്ഷികളുടെ സംസ്ഥാന സമ്മേളനങ്ങളില്‍ വായിക്കാറുണ്ട്. പക്ഷേ എല്ലാ നേതാക്കന്‍മാരും ചേര്‍ന്ന് ഭാവി കേരളത്തിന്റെ വികസനത്തിനു വേണ്ടി ഒരു മാര്‍ഗ്ഗരേഖയുണ്ടാക്കുവാന്‍ തയ്യാറാകുന്നില്ല എന്നതു വിചിത്രമാണ്. ഇന്‍്ഫര്‍മേഷന്‍ ടെക്‌നോളജിയുടെ വികസനത്തിനുവേണ്ടി ഇന്ത്യയില്‍ ആദ്യമായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് കേരളത്തിലാണ്. എന്നിട്ടെന്തായി? മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അതിവേഗം ബഹുദൂരം മുന്നോട്ടു പോയപ്പോള്‍ കേരളം പഴയ മുയലച്ഛന്റെ അവസ്ഥയില്‍ ഉറങ്ങിക്കിടക്കുകയാണ്. കേരളത്തിലെ ഐ ടി കുട്ടികള്‍ ഊരുതെണ്ടികളായി അലയുന്നു.
കേരളത്തിന് ഒരു വികസനമാതൃകയുണ്ട്. അത് കാട്ടിത്തന്നത് മൂരാച്ചിയും പിന്തിരപ്പനും സ്വേച്ഛാതിപതിയുമായ സര്‍ . സി പി രാമസ്വാമി അയ്യരാണ്. അദ്ദേഹം ഉണ്ടാക്കിവച്ച് അടിസ്ഥാന വ്യവസായങ്ങ നിലനിര്‍ത്താന്‍പോലും നമുക്ക് കഴിഞ്ഞില്ല. പുരോഗമനവാദികളായ കേരളീയര്‍ എന്തിനു മൂരാച്ചിയായ സര്‍ സി പിയെ പിന്തുടരണം… എന്നതായിരുന്നോ നമ്മുടെ നേതാക്കന്‍മാരുടെ ചിന്താഗതി. വികസനമാതൃക നല്ലതാണെങ്കില്‍ എവിടെനിന്നും സ്വീകരിക്കാം. മണ്‍പൂച്ചയായാലും മരപ്പൂച്ചയായായലും എലിയെ പിടിക്കുന്നതായിരിക്കണം എന്നൊരു വിദ്വാന്‍ പറഞ്ഞിട്ടുണ്ടല്ലോ. സംസ്്ഥാനത്തിന്റെ വികസനത്തിനുവേണ്ടി പരസ്പരം മത്സരിക്കുന്ന തമിഴ്‌നാട്ടിലെ പ്രാദേശിക കക്ഷികളെ നമ്മുടെ നേതാക്കന്‍മാര്‍ കാണുന്നില്ലേ.. നാളത്തെ കേരളം എങ്ങനെയായിരിക്കണം, അതിന് ഏതെല്ലാം പദ്ധതികളാണ് വേണ്ടത് എന്നതിനെ സംബന്ധിച്ച് സര്‍വകക്ഷികളുടെയും വിദ്ഗ്ധന്‍മാരുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീരിച്ചുകൊണ്ട് ഒരു രൂപരേഖ തയ്യാറാക്കി പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വം തയ്യാറാകുന്നില്ലെങ്കില്‍ നമ്മുടെ നില ഇങ്ങനെതന്നെ തുടരും. അന്യ സംസ്ഥാനങ്ങളെയും കേന്ദ്രത്തെയും ആശ്രയിച്ചുകൊണ്ട് ഒരു ഇത്തിള്‍ക്കണ്ണി സംസ്ഥാനമായി നമ്മള്‍ നിലനില്‍ക്കുകയോ കാലക്രമത്തില്‍ നശിക്കുകയോ ചെയ്യും.
No comments:
Post a Comment