Friday 25 May 2012

ഹൃദ്രോഗം  

ഹൃദ്രോഗമെന്ന നിശ്ശബ്ദനായ കൊലയാളിക്കു പല രൂപങ്ങളും ഭാവങ്ങളുമുണ്ട്. അവയുടെല്ലാം കാരണങ്ങളും ലക്ഷണങ്ങളും വിഭിന്നമാണ്. എന്നിരിക്കിലും പല ഹൃദയരോഗങ്ങളുടെയും സൂചനകള്‍ പലപ്പോഴും പൊതുസ്വഭാവമുള്ളവയാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ രോഗത്തിന്റെ തരമനുസരിച്ചും ഗൌരവമനുസരിച്ചുമാണ് സംഭവിക്കുന്നത്. നിങ്ങളുടെ ഹൃദയത്തിനുണ്ടായ പ്രശ്നം എന്തു കാരണംകൊണ്ടാണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. പുതിയതായി എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴും ഇടയ്ക്കിടെ അത് ആവര്‍ത്തിക്കുമ്പോഴും നിസ്സാരമട്ടില്‍ അതിനെ കാണാന്‍ ശ്രമിച്ചാല്‍ അപകടം ചെയ്യും. ഒരിക്കല്‍ ലക്ഷണം കാണിച്ചാല്‍ വിശദമായ പരിശോധനകളും കരുതലുകളും തുടര്‍ന്നുള്ള ജീവിതത്തില്‍ ആവശ്യമായി വരും.
ഹൃദയധമനികളിലെ രോഗങ്ങളും ലക്ഷണങ്ങളും
ആന്‍ജിന (anjina) എന്നറിയപ്പെടുന്ന ഹൃദയവേദനയാണ് ഹൃദയധമനികളിലെ രോഗങ്ങളുടെ കാര്യത്തില്‍ സാധാരണ കാണാറുള്ള ഒരു ലക്ഷണം. ആന്‍ജിന പലതരത്തില്‍ അനുഭവപ്പെടും. ഹൃദയത്തിന് എരിച്ചില്‍ അനുഭവപ്പെടുക, ഭാരക്കൂടുതല്‍, അസ്വസ്ഥത, സമ്മര്‍ദ്ദം, ഞെരുക്കം ഇതൊക്കെ ആന്‍ജിനയുടെ വിശദീകരണങ്ങളില്‍പ്പെടുന്നവയാണ്. ഇത് പലപ്പോഴും നിസ്സാരമായ നെഞ്ചിരിച്ചിലാണെന്ന് തെറ്റിദ്ധരിക്കപ്പെടാനിടയുണ്ട്.ഇടതുനെഞ്ചിലാണ് സാധാരണയായി ആന്‍ജിനയുടെ ലക്ഷണങ്ങള്‍ പ്രകടമാവുക. എന്നിരിക്കിലും തോള്‍, കഴുത്ത്, കൈകള്‍,തൊണ്ട, പുറം, താടിയെല്ല് എന്നിവിടങ്ങളിലും തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഹൃദയധമനികളിലുണ്ടാകുന്ന രോഗങ്ങളുടെ മറ്റു ലക്ഷണങ്ങള്‍ ഇവയാണ്.
1.
ശ്വാസംമുട്ടല്‍ (Shortness of breath)
2.
ക്രമംതെറ്റിയ ഹൃദയമിടിപ്പ് (irregular heart beat)
3.
ഹൃദയമിടിപ്പിന്റെ വേഗത കൂടുക (a faster heart beat)
4.
തളര്‍ച്ച (Weakness or dizziness)
5.
ഓക്കാനം (Nausea)
6.
വിയര്‍ക്കല്‍ (Sweating)
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ (symptoms of heart attack)

ഹൃദയഭാരവും വേദനയും:
ഹൃദയാഘാതം പലപ്പോഴും നിശ്ശബ്ദനായി കടന്നുവരുന്ന ഒരു ഘാതകനാവാറുണ്ട്. ഹൃദയത്തെ നേരിട്ടായിരിക്കില്ല പകരം ഹൃദയത്തിന്റെ നാലുഭാഗത്തുകൂടെയാവും ഈ ഭീകരന്‍ രോഗത്തിന്റെ വല വിരിക്കുക. ചിലപ്പോള്‍ കൈകളില്‍ക്കൂടിയാവാം വേദന കടന്നുവരിക. അല്ലെങ്കില്‍ നെഞ്ചിനുതാഴെയുള്ള എല്ലുകളില്‍നിന്നാവാം. വേദനയുടെ രൂപത്തില്‍ മാത്രമല്ല ഈ ഭീകരാക്രമം അരങ്ങേറുക. മറിച്ച് നെഞ്ചെരിച്ചിലായോ, ഭാരംതോന്നലായോ സമ്മര്‍ദ്ദമായോ ഒക്കെ അനുഭവപ്പെടാം.
അസ്വസ്ഥതയുടെ തരംഗങ്ങള്‍:
കഴുത്തിലും തൊണ്ടയിലും തോളിലും താടിയെല്ലിലും കൈകളിലും വ്യാപിക്കുന്ന അസ്വസ്ഥതകളാണ് ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണം.
നെഞ്ചെരിച്ചില്‍:
നെഞ്ചിനകത്ത് നീറ്റലും പുകച്ചിലും അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.
വിയര്‍പ്പും മനംപുരട്ടലും:
ശരീരമാകെ വിയര്‍ത്തുകുളിക്കുന്നത് ഹൃദയാഘാതമെന്ന രോഗത്തിന്റെ ശ്രദ്ധേയമായൊരു ലക്ഷണമാണ്. ശരീരത്തിന്റെ പുറത്തു നടക്കുന്ന ഒരു പ്രതിഭാസമായതിനാല്‍ രോഗിക്കു മാത്രമല്ല, അടുത്തുനില്‍ക്കുന്നവര്‍ക്കുകൂടി ഈ ലക്ഷണം മനസ്സിലാവുന്നു. അതുപോലെതന്നെ അകാരണമായ ഓക്കാനവും മനംപുരട്ടലും ചിലപ്പോള്‍ അനുഭവപ്പെടാറുണ്ട്.
ക്ഷീണവും ഉല്‍ക്കണ്ഠയും:
ഹൃദയാഘാതത്തിന് പലപ്പോഴും അമിതമായ ഉല്‍ക്കണ്ഠ, ടെന്‍ഷന്‍, മനപ്രയാസം ഇവയൊക്കെ ഇടയാക്കാറുണ്ട്. ശ്വാസമുട്ടലും അനുഭവപ്പെടും. ക്ഷീണവും തളര്‍ച്ചയുമൊക്കെയായി രോഗിയെ അടിപറ്റിച്ചുകൊണ്ടായിരിക്കും ഇവിടെ ആഘാതം ആഞ്ഞുവീശുക.
താളംതെറ്റിയ മിടിപ്പ്:
ഹൃദയതാളം തെറ്റിച്ചുകൊണ്ട് മിടിപ്പ് (heart beat) ഉണ്ടാവുന്നത് അറ്റാക്കിനുള്ള ലക്ഷണമാകാറുണ്ട്. ചിലപ്പോള്‍ ഹൃദയമിടിപ്പിന്റെ വേഗതയേറുകയും ചിലപ്പോള്‍ കുറയുകയും ചെയ്യും.
സൈലന്റ് അറ്റാക്ക്
ചിലരില്‍ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാതെ അറ്റാക്ക് സംഭവിക്കുന്നു. അതാണ് ഏറ്റവും അപകടകാരിയായ 'സൈലന്റ് അറ്റാക്ക്.' മിക്കവാറും രോഗിയേയുംകൊണ്ടേ ഈ ഭീകരന്‍ കടന്നുപോകാറുള്ളൂ. ആശുപത്രിയിലെത്തിക്കാനോ ചികില്‍സിക്കാനോ അവസരമില്ലാത്തതാണ് അപകടത്തിനു കാരണം. ഉറക്കത്തിലും ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോഴുമൊക്കെ ഈ വില്ലന്‍ കടന്നുവന്നേക്കാം. ചുരുക്കത്തില്‍ ഔചിത്യബോധമില്ലാത്ത കോമാളിയെപ്പോലെയാണ് 'സൈലന്റ് അറ്റാക്കി'ന്റെ വരവും.

No comments:

Post a Comment