ദുര്‍ബലമാകുന്ന ദാമ്പത്യ ബന്ധങ്ങള്‍
'വിവാഹമോചന കഥകള്‍' മാധ്യമങ്ങള്‍ ആഘോഷിക്കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പ്രത്യേകിച്ചും പ്രശസ്തരുടെ വേര്‍പിരിയലുകള്‍ തുടര്‍ക്കഥകള്‍പോലെ ആസ്വദിക്കുന്ന കാലം. 'ദാമ്പത്യം ഒരു മഹാഭാഗ്യം'... എന്ന പഴയ സിനിമാഗാനം പോലെ അത്രയ്ക്ക് കിട്ടാക്കനിയായിരിക്കുന്നു കെട്ടുറപ്പുള്ള കുടുംബങ്ങള്‍. തലമുറകളുടെ തന്നെ മാനസികാരോഗ്യത്തിന്റെ അടിസ്ഥാനം കുടുംബബന്ധങ്ങളുടെ സുസ്ഥിരത തന്നെയാണെന്ന് ഓര്‍ക്കണം. വിവാഹമോചനം വരെ എത്തിയില്ലെങ്കിലും പിരിമുറുക്കത്തിന്റെ വീര്‍പ്പുമുട്ടലുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ അരങ്ങിന് പിറകില്‍ ധാരാളം. മനശാസ്ത്രപംക്തികളിലെ ചോദ്യങ്ങള്‍, സെക്സോളജിസ്റുകളെ സമീപിക്കുന്നവര്‍, കുടുംബകോടതി കയറിയിറങ്ങുന്നവര്‍, തുടങ്ങിയവയൊക്കെ നമ്മുടെ സമൂഹത്തില്‍ ശിഥിലമാകുന്ന വിവാഹാന്തര ജീവിതത്തിന്റെ ദുരവസ്ഥയാണ് കാണിക്കുന്നത്. നിസ്സാര സംശയങ്ങള്‍ മുതല്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം വരെയെത്തി നില്‍ക്കുന്ന നിരവധി ഘടകങ്ങളാണ് ദാമ്പത്യത്തെ തകിടം മറിക്കുന്നതിന് പ്രേരകമാകുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു മാനസിക രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ഈ സ്വരച്ചേര്‍ച്ചയില്ലായ്മ സൂചിപ്പിക്കുന്നു.
എന്താണ് ദാമ്പത്യം? അതിന് നിര്‍വ്വചനങ്ങള്‍ ഏറെയുണ്ട്. സോഷ്യല്‍ സയന്‍സില്‍ ഇതിനെ പ്രൈമറി ഗ്രൂപ്പില്‍ പെടുത്തിയിരിക്കുന്നു. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുകയും സാമൂഹ്യപരമായും ലൈംഗികപരമായും ധാര്‍മ്മികപരമായും സാമ്പത്തികപരമായും ഒരു ലയനം പരസ്പരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിന്റെ കുടക്കീഴില്‍ കുട്ടികളും പ്രായമായവരുമൊക്കെ സംരക്ഷണം ആവശ്യപ്പെട്ട് നില്‍പ്പുണ്ടാകാം. അണുകുടുംബങ്ങളിലും കൂട്ടുകുടുംബങ്ങളിലും അതിന്റെ കടമകള്‍ക്ക് വ്യത്യസ്ത മുഖങ്ങളാണ്. സ്നേഹവും, ബഹുമാനവും ഒപ്പമുള്ളവരോട് പുലര്‍ത്താന്‍ പ്രത്യേക ധാര്‍മ്മികസംവിധാനം തന്നെ നമ്മള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അണുകുടുംബവ്യവസ്ഥയിലേക്ക് പൂര്‍ണ്ണമായും നീങ്ങിക്കൊണ്ടിരിക്കുന്ന സമീപകാല അവസ്ഥയ്ക്ക് ഗുണങ്ങളേറെയുണ്ടെങ്കിലും അസ്വസ്ഥരായ ദമ്പതികള്‍ എണ്ണത്തില്‍ പെരുകുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
കൌമാരത്തിന്റെ ചാപല്യങ്ങളും, ശരീരമാറ്റങ്ങളും പൂര്‍ണ്ണമാകുന്ന ഘട്ടത്തില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന പുരുഷനും സ്ത്രീയും കുടുംബജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാക്കാത്തതാണ് പ്രധാന പ്രശ്നം.
കൌമാരത്തിന്റെ ചാപല്യങ്ങളും, ശരീരമാറ്റങ്ങളും പൂര്‍ണ്ണമാകുന്ന ഘട്ടത്തില്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന പുരുഷനും സ്ത്രീയും കുടുംബജീവിതത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടാക്കാത്തതാണ് പ്രധാന പ്രശ്നം.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ പഠനസമയത്തും മറ്റ് ബോധന സ്രോതസുകളിലൊന്നും ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ല. ശാസ്ത്രീയമായ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ള വിവാഹപ്രായം പോലും കാത്തുസൂക്ഷിക്കാതെയാണ് പലരും ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വികാരശമനത്തിന് അപ്പുറം അത് ജീവിതകാലം മുഴുവന്‍ മനഃസമാധാനത്തിനും ക്രിയാത്മകസമൂഹത്തിനും വേണ്ടിയാണെന്നുള്ള അറിവാണ് ആദ്യം നേടേണ്ടത്. പരസ്പരം തിരിച്ചറിയുക, കുട്ടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുള്ള ധാരണ, ലൈംഗികതയോടുള്ള സമീപനം, എന്നിവയെല്ലാം ഒരേപോലെ ചര്‍ച്ചചെയ്യാനുള്ള മനസാന്നിദ്ധ്യമില്ലാത്തതാണ് ഇണകളെ രണ്ടറകളില്‍ ജീവിക്കാന്‍ ഇടയാക്കുന്നത്. ഉല്‍കണ്ഠ, പീഢനം, അമിതലൈംഗികത, ലൈംഗികവിരക്തി, ബ്ളൂഫിലിം കാണുക, മദ്യാസക്തി, പുകവലി, മറ്റ് ലഹരി പദാര്‍ത്ഥങ്ങളോടുള്ള പ്രിയം, അവിഹിതബന്ധങ്ങള്‍, സംശയം പോലുള്ള മാനസിക രോഗങ്ങള്‍ ഇവയെല്ലാം മനശാസ്ത്രജ്ഞരെ സമീപിക്കുന്നവരുടെ സാധാരണ പ്രശ്നങ്ങളാണ്.
ഉല്‍ക്കണ്ഠകള്‍ പലതുണ്ട്. ജോലിസമയത്തെ പിരിമുറുക്കം അതിനുദാഹരണമാണ്. ഐടി പോലുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന ദമ്പതിമാരുടെ ജോലിസമയത്തിന്റെ ദീര്‍ഘം, പരസ്പരം കാണാനുള്ള സാധ്യതകള്‍ കുറയുന്ന രീതിയിലുള്ള സമയമാറ്റം, ഇവയെല്ലാം പിരിമുറുക്കത്തിന് വഴിവെക്കുന്നു. വല്ലപ്പോഴും കിടക്കറയിലെത്തുന്ന ദമ്പതിമാര്‍ക്ക് ക്ഷീണവും ജോലിയുടെ ബാക്കി ടെന്‍ഷനുമായിരിക്കും മിച്ചം. എന്നാല്‍ ജോലി സ്ഥലത്തെ ടെന്‍ഷന്‍ പരസ്പരം പങ്കുവെക്കുകയും സ്വകാര്യമായി സമയം കണ്ടെത്തി ലൈംഗികകാര്യങ്ങളില്‍ മുഴുകുവാനുള്ള തീരുമാനമെടുക്കുക ഇതൊക്കെ ഹൃദയബന്ധം കൂട്ടാനും മാനസികോല്ലാസം വര്‍ദ്ധിപ്പിക്കാനും ഉപകരിക്കും.ലൈംഗികപ്രക്രിയകള്‍ പുരുഷഹോര്‍മോണ്‍ ആയ ടെക്സ്റാസ്റെറോണിന്റെ നിര്‍മ്മാണം ശരീരത്തില്‍ വര്‍ദ്ധിപ്പിച്ച് മനസ്സിന് ഉന്മേഷം പകരും. പിരിമുറുക്കം ഹൃദ്രോഗത്തിന്റെ സാധ്യത കൂട്ടുമ്പോള്‍ സെക്സ് അത് കുറയ്ക്കുമെന്നാണ് കണ്ടെത്തല്‍.
അമിത ഉത്കണ്ഠ നേരിടാന്‍ ചിലര്‍ മദ്യത്തില്‍ അഭയം പ്രാപിക്കും. താല്‍ക്കാലിക നിമിഷങ്ങളില്‍ അതു നല്‍കുന്ന സുഖാനുഭൂതി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നമ്മെ കൊണ്ടുപോകും. ഇംഗ്ളീഷ് അക്ഷരത്തിലെ 'ട' ല്‍ തുടങ്ങുന്ന മൂന്നു കാര്യങ്ങള്‍ ദമ്പതികള്‍ ഒഴിവാക്കണമെന്ന് സെക്സോളജിസ്റുകള്‍ പറയുന്നു. സ്ട്രെസ് (സമ്മര്‍ദ്ദം), സ്കോച്ച് (മദ്യം), സ്മോക്കിങ്ങ് (പുകവലി) എന്നിവയാണത്. മദ്യവും പുകവലിയും സ്ത്രീകള്‍ക്ക് പൊതുവേ കുറവായതിനാല്‍ അതുചെയ്യുന്ന പുരുഷപങ്കാളിയോട് നീരസമുണ്ടായിരിക്കും. ദീര്‍ഘകാലം കൊണ്ട് അത് വെറുപ്പിലേക്ക് നീങ്ങും. രണ്ടുപേര്‍ക്കും ഗുണകരമല്ലാത്ത മദ്യം വില്ലനായി വരുന്നതോടെ ഗുരുതരമായ പ്രത്യാഘാതങ്ങളും പ്രതീക്ഷിക്കാം. കലഹം പുരുഷനെ കൂടുതല്‍ ലഹരിക്ക് അടിമപ്പെടുത്തുമ്പോള്‍ 'സ്ട്രെസ്' സ്ത്രീയുടെ മാനസികവും ശാരീരികവുമായ കഴിവിനെ മുരടിപ്പിക്കുന്നു. ലൈംഗിക മരവിപ്പിനുവരെ കാണമാകുന്ന അവസ്ഥയിലേക്ക് ഇത് എത്തിച്ചേരുന്നു. പലപ്പോഴും മദ്യവും ലഹരി വസ്തുക്കളും ഉപേക്ഷിക്കാനുള്ള കൌണ്‍സിലിങ്ങിന് പലരും തയ്യാറെടുക്കുന്നില്ല. അഭിമാനത്തിന്റെ പേര് പറഞ്ഞ് എല്ലാം മറച്ചുവെച്ച് വീര്‍പ്പുമുട്ടലോടെ ജീവിക്കുന്നതാണ് അപകടകരം. ആധുനിക ചികിത്സാ സമ്പ്രദായങ്ങളില്‍ ഇതിനെല്ലാം ചിട്ടയായ രീതികളുണ്ട്. ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മരുന്നുകളുണ്ട്. എന്നാല്‍ മരുന്നുകള്‍ കുറച്ചുകൊണ്ടുവന്ന് അത് പാടെ ഉപേക്ഷിച്ച് ആരോഗ്യകരമായ അവസ്ഥ തിരിച്ചുപിടിക്കുകയാണ് വേണ്ടത്. ഇതിനുള്ള 'മാനസിക തെറാപ്പികള്‍' നമ്മുടെ വിവിധ ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്. ഊഷ്മളമായ ലൈംഗികജീവിതം ഇത്തരം ആരോഗ്യശീലങ്ങളെ അകറ്റിനിര്‍ത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കൂടാതെ ഇങ്ങനെയുള്ളവരില്‍ പ്രമേഹം പോലുള്ള രോഗങ്ങള്‍ കുറഞ്ഞ തോതിലാണ് കാണപ്പെടുന്നത്. കൂടാതെ പോസ്റേറ്ററുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങള്‍ കുറഞ്ഞിരിക്കുകയും ചെയ്യും. ഈ പഠനറിപ്പോര്‍ട്ട് ഇറ്റാലിയന്‍ സൊസൈറ്റി ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാര്‍ഹിക പീഡനങ്ങളും വിവാഹജീവിതത്തില്‍ വിഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍, മറ്റംഗങ്ങളുടെ ധിക്കാരപരമായ പെരുമാറ്റങ്ങളില്‍ മനംനൊന്തു ജീവിക്കുന്നവരുടെ അവസ്ഥയാണിത്. കുടുംബനാഥന്റെ ശേഷിയില്ലായ്മ, അധികാരത്തിന്റെ മുനയോടെ എപ്പോഴും സംസാരിക്കുന്ന ഗൃഹനാഥ, മറിച്ച് ഒന്നും മിണ്ടാത്ത ഭാര്യ ഇവയെല്ലാം പീഡനത്തിന്റെ വിവിധ തലങ്ങളിലേക്ക് വഴിയൊരുക്കുന്നു. നിരന്തരം മാനസിക-ശാരീരികവൈഷമ്യങ്ങള്‍ പുകയുന്ന വീട് മാനസിക സമ്മര്‍ദ്ദങ്ങളുടെ ഈറ്റില്ലമായിരിക്കും. ഇത്തരം സമയങ്ങളില്‍ ദമ്പതിമാര്‍ കാര്യങ്ങള്‍ പരസ്പരം സജീവമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തില്ലെങ്കില്‍ ദൂരവ്യാപകമായ വിപത്തുകളാണ് ഫലം. ഈ അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളും അരക്ഷിതാവസ്ഥയുടെ പിരിമുറുക്കത്തില്‍ പെടും. എക്കാലവും അവരുടെ ജീവിത പരാജയത്തിനും കാരണം അതാവും. സ്വയം തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അംഗീകൃത മനശാസ്ത്രജ്ഞരുടെ ഉപദേശവും തേടാവുന്നതാണ്.
ദിനചര്യകളിലെ മാറ്റങ്ങള്‍ പ്രകടമായി തുടങ്ങിയാല്‍ ദമ്പതികള്‍ പരസ്പരം ശ്രദ്ധിക്കേണ്ടതാണ്.വളരെ താമസിച്ചുറങ്ങുന്ന പുരുഷന്‍ നേരത്തെ ഉറങ്ങുക അതുപോലെ സ്ത്രീകള്‍ക്ക് കിടപ്പറയിലെ മടുപ്പ്, നീണ്ടുനില്‍ക്കുന്ന മറ്റ് ടെലഫോണ്‍ സംഭാഷണങ്ങള്‍ ഇവയൊക്കെ ഭാര്യഭര്‍തൃബന്ധങ്ങളിലെ ഉലച്ചിലിന് വഴിയൊരുക്കും.
രണ്ട് ലോകങ്ങളിലായി അവര്‍ മാറുകയും, പെട്ടെന്ന് വഴക്കിടുക, പുതിയ സൌഹൃദങ്ങളുമായി തട്ടിച്ചുനോക്കി തരംതാഴ്ത്തുക എന്നീ അവസ്ഥകളിലേക്ക് നീങ്ങും. ഇന്റര്‍നെറ്റിലെ ചാറ്റിങ്ങും, ബ്രൌസിങ്ങും, മൊബൈലിലെ നിരന്തരമുള്ള സന്ദേശവര്‍ത്തമാനങ്ങളുമൊക്കെ പാതിരാത്രി വരെ ശീലമാകുമ്പോള്‍ മനസ്സിലാക്കേണ്ടത് യാഥാര്‍ത്ഥ്യ ലോകത്തിന്റെ ആഹ്ളാദങ്ങളെ എന്നെന്നേക്കുമായി ഇല്ലാതാക്കി സാങ്കല്പിക ലോകത്തെ കേളികളില്‍ മനസ് മുഴുകുകയെന്നതാണ്. ഇത് മാനസികാരോഗ്യത്തെ വികലമാക്കും എന്നതുമാത്രമല്ല, തകരാറിലാക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ട സുസ്ഥിരമായ ദാമ്പത്യജീവിതം കൂടിയായിരിക്കും.
ബ്ളൂഫിലിം പോലെയുള്ള ലൈംഗിക വൈകൃതങ്ങളാണ് വഴിതെറ്റിക്കുന്ന മറ്റൊരു ലോകം. സെക്സിന് അമിതപ്രാധാന്യം നല്‍കി പെരുപ്പിച്ചുകാണിക്കുന്ന കച്ചവടതന്ത്രങ്ങള്‍ നീല ചിത്രങ്ങളില്‍ ഒരുക്കിയിരിക്കുന്നു. ഇതു കാണുന്ന സ്ത്രീയോ പുരുഷനോ ലൈംഗികതയെക്കുറിച്ച് രൂപപ്പെടുത്തുന്ന ചിന്തകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തമില്ലാത്തതായിരിക്കും. കിടപ്പറയില്‍ ഈ വൈകൃതങ്ങള്‍ ആവര്‍ത്തിക്കാന്‍ ഒരുമ്പെട്ട് പരാജയമടയുമ്പോള്‍ സ്വയം നിരാശയിലേക്കും വിഷാദത്തിലേക്കും നീങ്ങുന്നു. അമിതലൈംഗികപ്രക്രിയകള്‍ പരസ്പരം മടുപ്പിക്കുമെന്നാണ് സെക്സോളജിസ്റുകളുടെ കണ്ടെത്തല്‍. വിവാഹാനന്തരം പ്രശ്നങ്ങളെ തുടര്‍ന്ന് ആരോഗ്യം പെട്ടെന്ന് ക്ഷയിക്കും. കണ്ണിനുതാഴെ കറുത്ത വലയം, മുടിയുടെ ബലം നഷ്ടപ്പെടുക, ത്വക് രോഗങ്ങള്‍, വിഷാദം, പെട്ടെന്ന് മാനസികാവസ്ഥകള്‍ മാറുക, തുടങ്ങിയവയൊക്കെ അവര്‍ പ്രകടിപ്പിക്കുന്നു. യോഗപോലെയുള്ള വ്യായാമങ്ങള്‍ പരിശീലിപ്പിച്ച് മസിലുകളുടെ പിരിമുറുക്കം കുറയ്ക്കാവുന്നതാണ്. സംഘര്‍ഷത്തെ കുറയ്ക്കാനും, ക്രിയാത്മകമായ വ്യായാമങ്ങള്‍ ഉപകരിക്കും.
സ്ത്രീ വീടിനുള്ളില്‍ അനുഭവിക്കുന്ന ഏകാന്തതയും ഒരു ഘടകമാണ്. ജോലിത്തിരക്കിലും മറ്റ് ബിസിനസുകളിലും മുഴുകുന്ന ഭര്‍ത്താവിന്റെ സാമീപ്യം വേണ്ടത്ര ലഭിക്കാത്തതാണ് പ്രശ്നം. ദമ്പതിമാരില്‍ ഒരാള്‍ പ്രവാസജീവിതം നയിക്കുമ്പോഴും ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. വീട്ടിലിരിക്കുന്ന സ്ത്രീകളുടെ വികാരവിചാരങ്ങള്‍ കേവലം ലൈംഗികതയ്ക്ക് അപ്പുറം പലതുമാണ്. സത്യത്തില്‍ ഒരു സ്പര്‍ശനമോ, വാക്കോ പോലും പോസിറ്റീവ് എനര്‍ജിയാണെന്നുള്ളതാണ് വാസ്തവം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മറ്റു സൌഹൃദങ്ങളിലേക്ക് മനസ് കൂടുതലായി ആകര്‍ഷിക്കപ്പെടും. പലപ്പോഴും ഒരു കാരണവുമില്ലാതെ ദാമ്പത്യജീവിതം ഇങ്ങനെ ഉലയുന്നത് മറ്റുള്ളവര്‍ക്ക് അമ്പരപ്പുണ്ടാക്കും. അതുപോലെ അവിഹിത ബന്ധങ്ങളില്‍ നിരന്തരം മുഴുകുന്ന ഭര്‍ത്താവിന്റെ രതിസങ്കല്പങ്ങളില്‍ ഭാര്യയ്ക്ക് ഇടമുണ്ടാക്കുകയില്ല. ദിനംപ്രതി വീട്ടുജോലികള്‍ ചെയ്ത് മിണ്ടാതിരിക്കുന്ന യന്ത്രമായി അവള്‍ മാറുന്നു. ഒരു ഘട്ടത്തില്‍ ഈ മരവിപ്പ് മൂര്‍ദ്ധന്യത്തിലെത്തി മാനസികാരോഗ്യം നശിച്ച് ഉള്‍വലിഞ്ഞ ഒരു സ്ത്രീയായി അവള്‍ മാറുന്നു. അല്ലെങ്കില്‍ കുടുംബകോടതിയിലായിരിക്കും അത്തരം ജീവിതങ്ങള്‍ അവസാനിക്കുക.
ഒരു കാലത്ത് പൈങ്കിളികഥകളുടെ സ്വാധീനത്തില്‍ ജീവിതം സ്വപ്നം കാണുന്നതിന്റെ ഭവിഷ്യത്തുകള്‍ നമുക്കു ചുറ്റുമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ടെലിവിഷന്‍ സീരിയലുകളും, മറ്റ് ആധുനിക വിനിമയസാധ്യതകളും അതിന്റെ സാധ്യതകള്‍ ഇരട്ടിപ്പിച്ചു. പല കഥാപാത്രങ്ങളോടും താദാത്മ്യം പ്രാപിച്ച് സ്വന്തം വ്യക്തിവിശേഷങ്ങളെ തിരിച്ചറിയാത്ത അവസ്ഥ. ദാമ്പത്യവും ഏത് കല പോലെയും സര്‍ഗ്ഗാത്മകമാക്കേണ്ടതുണ്ട്. അതിനുവേണ്ട അസംസ്കൃത വസ്തുതകള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. ഉല്ലാസത്തിനും പക്വമായ ഉപദേശങ്ങള്‍ക്കും മുന്‍കാലങ്ങളേക്കാള്‍ സജ്ജമായ സമൂഹമാണുള്ളത്. സമൂഹത്തിന്റേയും രാജ്യത്തിന്റേയും സര്‍വ്വോപരി ലോകത്തിന്റെയും മൂലസ്ഥാനം കുടുംബമാണ്. ദാമ്പത്യം ഒരു സുഗന്ധം വിടരുന്ന പുഷ്പമാകുമ്പോള്‍ മാത്രമാണ് ലോകം വസന്തോദ്ധ്യാനമാകുന്നത്. ആത്മബലമുള്ള തലമുറകളുടെ ആധാരശിലയും അതു തന്നെ
ഒരു കാലത്ത് പൈങ്കിളികഥകളുടെ സ്വാധീനത്തില്‍ ജീവിതം സ്വപ്നം കാണുന്നതിന്റെ ഭവിഷ്യത്തുകള്‍ നമുക്കു ചുറ്റുമുണ്ടായിരുന്നു. കാലം മാറിയപ്പോള്‍ ടെലിവിഷന്‍ സീരിയലുകളും, മറ്റ് ആധുനിക വിനിമയസാധ്യതകളും അതിന്റെ സാധ്യതകള്‍ ഇരട്ടിപ്പിച്ചു. പല കഥാപാത്രങ്ങളോടും താദാത്മ്യം പ്രാപിച്ച് സ്വന്തം വ്യക്തിവിശേഷങ്ങളെ തിരിച്ചറിയാത്ത അവസ്ഥ. ദാമ്പത്യവും ഏത് കല പോലെയും സര്‍ഗ്ഗാത്മകമാക്കേണ്ടതുണ്ട്. അതിനുവേണ്ട അസംസ്കൃത വസ്തുതകള്‍ സമൂഹത്തില്‍ ധാരാളമുണ്ട്. ഉല്ലാസത്തിനും പക്വമായ ഉപദേശങ്ങള്‍ക്കും മുന്‍കാലങ്ങളേക്കാള്‍ സജ്ജമായ സമൂഹമാണുള്ളത്. സമൂഹത്തിന്റേയും രാജ്യത്തിന്റേയും സര്‍വ്വോപരി ലോകത്തിന്റെയും മൂലസ്ഥാനം കുടുംബമാണ്. ദാമ്പത്യം ഒരു സുഗന്ധം വിടരുന്ന പുഷ്പമാകുമ്പോള്‍ മാത്രമാണ് ലോകം വസന്തോദ്ധ്യാനമാകുന്നത്. ആത്മബലമുള്ള തലമുറകളുടെ ആധാരശിലയും അതു തന്നെ
No comments:
Post a Comment