സംവരണം: നീതിയും അനീതിയും
എത്ര പരാധീനത അനുഭവിക്കുന്ന നായരാണെങ്കിലും അവന്റെ ഉള്ളില്‍ മാടമ്പിത്തത്തെപ്പറ്റിയുള്ള മിഥ്യാഭിമാനമിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ദരിദ്രാവസ്ഥയില്‍ കിടക്കുന്ന അവന് ഒത്താശ ചെയ്യണം എന്നു പറയുവാന്‍ അവന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. ഈഴവന്‍ എത്ര നവാഭിജാതനായിത്തീര്‍ന്നാലും അവന്റെ ഉള്ളില്‍ അപ്പൂപ്പന്റെ പഴയ ചെത്തുപാളയെപ്പറ്റിയുള്ള അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. പൂര്‍വ്വികമായ ഓര്‍മ്മകളില്‍നിന്നുള്ള മുക്തിയാണ് ഓരോ കേരളീയനും അവശ്യം ലഭിക്കേണ്ടുന്നത്. ഈ പുകമറകള്‍ മാറിയാലേ കേരളത്തിന്റെ സാമൂഹികതയ്ക്ക് ഒരു ശാസ്ത്രീയമാനം ലഭിക്കുകയുള്ളൂ. അതു മറച്ചുവച്ചുകൊണ്ടാണു മറ്റവനോടു മനുഷ്യന്റെ നീതിയെപ്പറ്റി വളച്ചുകെട്ടി പറയുന്നത്. ഈ കാര്യത്തില്‍ സാമ്പത്തികസംവരണം ആവശ്യപ്പെടുന്നവരും സാമുദായികസംവരണം ആവശ്യപ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാണ്.
സമൂഹത്തിലെ മാന്യതയ്ക്ക് മ്ലേച്ഛത്വം ഒരു വലിയ വിലങ്ങുതടിയാണ്. സമാനകര്‍മ്മങ്ങളുള്ളവരുടെ ഇടയില്‍ അംഗീകാരം സുസാധ്യമായിരിക്കവെ തന്നെ മാന്യതയുടെയും അപമാനത്തിന്റെയും മാനങ്ങള്‍ കാല്പനികമായി വന്ന് അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കല്പനയെ തിരുത്തുന്ന ഉപാധികളാണ് ധനം, വിദ്യാഭ്യാസം, അധികാരം, ആഭിജാത്യം എന്നിവ. എത്ര മാന്യത കുറഞ്ഞ തൊഴിലുകൊണ്ടു ധനം ഉണ്ടാക്കിയാലും സാമ്പത്തികമേഖലയില്‍ അതിന് അയിത്തം കല്പിക്കാറില്ല. ജാതീയമായ മാന്യതയും അവമതിയും നിലനില്ക്കുന്നത് പരമ്പരാഗതമായി ഒരു വ്യക്തിയിലോ സമൂഹത്തിലോ വന്നുചേര്‍ന്നിട്ടുള്ള ഉത്കര്‍ഷതാബോധത്തിലും അപകര്‍ഷതാബോധത്തിലുമാണ്. ഇക്കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ഈ താരിപ്പുകള്‍ക്കെല്ലാം നിരന്തരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു വസ്തുനിഷ്ഠമായ പഠനം നടത്തുവാന്‍ സാമൂഹികശാസ്ത്രത്തിനും സാമ്പത്തികശാസ്ത്രത്തിനും സാംസ്‌കാരികമാനങ്ങള്‍ക്കും നിഷ്‌കര്‍ഷത ഇല്ലാതായിപ്പോകുന്നു. ഈ അടിസ്ഥാനത്തിലാണു സാമ്പത്തികഭദ്രതയും സാമൂഹികഭദ്രതയും പുനര്‍വിചാരണയും വിലയിരുത്തലും ചെയ്യേണ്ടിയിരിക്കുന്നത്.
നവനീതങ്ങളും മട്ടികളും
ബാങ്കില്‍ പണത്തിന്റെ നിക്ഷേപം, അറിവില്‍ വിദ്യയുടെ മേന്മ, ദൈനംദിന ജീവിതത്തില്‍ അധികാരം കൈയാളാനുള്ള പദവി ഇതെല്ലാം ഒരുവനു ലഭ്യമായാല്‍ അവനു നവനീതത്തിന്റെ അംഗീകാരം ലഭിക്കും. ഇവയൊക്കെ ഹിന്ദുമതത്തിലുള്ളതുപോലെ ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ഉണ്ട്. ചരിത്രപരമായി തലമുറകളില്‍ക്കൂടി വന്നിട്ടുള്ള ആഭിജാത്യംകൂടി അതിന്റെ കൂടെ ഉണ്ടായിരിക്കുകയാണെങ്കില്‍ ഈ നവനീതത്തിനു പൊന്നുംകുടത്തിനിട്ട പൊട്ടുപോലെയുള്ള ശോഭയും ഉണ്ടാവും. അനഭിജാതന് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന വ്യക്തിത്വകാന്തി എത്ര ഭാസുരമായിരുന്നാലും അതു മൂടല്‍മഞ്ഞില്‍ക്കൂടി കാണുന്ന സൂര്യോദയത്തെപ്പോലെയേ ആയിരിക്കുകയുള്ളൂ.
ഒരു മനുഷ്യനെത്തന്നെ വിലയിരുത്തുന്ന കാര്യത്തില്‍ നവനീതതാരിപ്പുകള്‍ മാറും. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല മാറ്റം സംഭവിക്കുന്നത്. അതു സാമൂഹികത നല്കിയ സംസ്‌കാരത്തിലും സാമ്പത്തികത നല്കിയ പരിഷ്‌കൃതിയിലും ഒരുവന് എപ്രകാരമാണ് ആനുപാതികമായി അധിഷ്ഠിതനായിരിക്കുന്നത് എന്നതില്‍ കലര്‍ന്നുനില്ക്കുന്നതിനാല്‍ ഒരുവന്റെ ആഭിജാത്യവും അനഭിജാത്യവും വരുന്നതു വെണ്മയില്‍ കൂടെക്കൂടെ കരിനിഴല്‍ സ്ഫുരിക്കുന്നതുപോലെയാണ്. ഇതു വ്യക്തമായി കാണാവുന്നതു സാഹിത്യത്തിലെ നേട്ടങ്ങളും ശാസ്ത്രത്തിലെ നേട്ടങ്ങളും വിലയിരുത്തേണ്ടിവരുമ്പോഴും ദാര്‍ശനികതയുടെ തനിമയെ അംഗീകരിക്കപ്പെടേണ്ടിവരുമ്പോഴുമൊക്കെയാണ്.
സാമൂഹികമായ അവമതി പ്രകടമായി പുറത്തുവരുന്നതല്ല. അതു രഹസ്യമായി അവരവരുടെ ഉള്ളില്‍ത്തന്നെ ഒളിപ്പിച്ചുവച്ചിരിക്കുന്നു. അപരനെപ്പറ്റി അധമന്‍ എന്ന് ഉള്ളില്‍ വിശ്വസിക്കുകയും പ്രഥമന്‍ എന്നു ബാഹ്യത്തില്‍ അംഗീകരിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ പലരുടെയും മനസ്സില്‍ ഋണാത്മകതയുടെയും ധനാത്മകതയുടെയും ഇടയിലുള്ള ഒരു ആന്ദോളനമാണ് നടക്കുന്നത്. അതു വളരെ രഹസ്യമാണെങ്കിലും. ചില സാമൂഹ്യനിലപാടുകള്‍ സ്വീകരിക്കുവാന്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഒളിച്ചുവച്ച പൂച്ച് പുറത്തുവരും. വ്യക്തിക്ക് എപ്രകാരമാണോ ‘സ്‌കിസോഫ്രേനിയ’ വരുന്നത് അതിനെക്കാള്‍ വേദനാജനകമായ രീതിയിലാണ് സാമൂഹ്യമനസ്സിനും ഇമ്മാതിരിയിലുള്ള സ്‌കിസോഫ്രേനിയ ഉ്യുാകുന്നത്.
സാഹിത്യത്തിലെ അവാര്‍ഡുദാനങ്ങള്‍ ശാസ്ത്രത്തിലെ അംഗീകാരം, അധികാരത്തോടു കാണിക്കേണ്ട അനുസരണം ഇവയിലെല്ലാം വസ്തുവിന്റെ നല്പിനെക്കാളും, വസ്തു കൈകാര്യം ചെയ്യുന്നവനു സാമൂഹികമായി നല്കുന്ന അംഗീകാരത്തിലാണ് അവ അധിഷ്ഠിതമായിരിക്കുന്നത്. അധികാരസ്ഥാനത്തുനിന്ന് എന്ത് ആനുകൂല്യം കിട്ടി എന്നതിനല്ല, ആരു കൊടുത്തു എന്നതിനാണ് പ്രാമുഖ്യം. അതുകൊണ്ട് നമ്മുടെ രാജ്യത്തു സാമൂഹ്യനീതി ലഭിക്കുന്നില്ല എന്നു പരമ്പരയാ അവമതിയില്‍ കഴിഞ്ഞവര്‍ക്ക് അകമേ ബോധ്യമാകുന്നു. അവനും അതു പറയുവാന്‍ മടിയുണ്ട്. ഇതെല്ലാം മുഖംമൂടി മാറ്റി പുറത്തേക്കു വന്ന് ആക്രോശിക്കുന്നത് സാമ്പത്തികമായ നേട്ടം ഭദ്രമായി വരുമ്പോഴും സാംസ്‌കാരികനേട്ടത്തെ അവജ്ഞയോടെ തള്ളിക്കളയുമ്പോഴും അധികാരവിനിയോഗത്തില്‍ അനുസരണം പാലിക്കേണ്ടിവരുമ്പോഴുമൊക്കെയാണ്. അപ്പോഴൊക്കെയാണ് അഭിജാതനും അനഭിജാതനും പരസ്പരവിരുദ്ധമായ രണ്ടു താരിപ്പുകള്‍ നഗ്നമായി കാണേണ്ടിവരുന്നത്.
ഹിന്ദുക്കളിലെ പല ഉപവിഭാഗങ്ങളിലും പ്രസക്തമായി വരുന്ന മനോഭാവങ്ങളെപ്പറ്റിയാണിവിടെ നാം പറയാന്‍ ശ്രമിക്കുന്നത്. എത്ര പരാധീനത അനുഭവിക്കുന്ന നായരാണെങ്കിലും അവന്റെ ഉള്ളില്‍ മാടമ്പിത്തത്തെപ്പറ്റിയുള്ള മിഥ്യാഭിമാനമിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ദരിദ്രാവസ്ഥയില്‍ കിടക്കുന്ന അവന് ഒത്താശ ചെയ്യണം എന്നു പറയുവാന്‍ അവന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. ഈഴവന്‍ എത്ര നവാഭിജാതനായിത്തീര്‍ന്നാലും അവന്റെ ഉള്ളില്‍ അപ്പൂപ്പന്റെ പഴയ ചെത്തുപാളയെപ്പറ്റിയുള്ള അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. പൂര്‍വ്വികമായ ഓര്‍മ്മകളില്‍നിന്നുള്ള മുക്തിയാണ് ഓരോ കേരളീയനും അവശ്യം ലഭിക്കേണ്ടുന്നത്. ഈ പുകമറകള്‍ മാറിയാലേ കേരളത്തിന്റെ സാമൂഹികതയ്ക്ക് ഒരു ശാസ്ത്രീയമാനം ലഭിക്കുകയുള്ളൂ. അതു മറച്ചുവച്ചുകൊണ്ടാണു മറ്റവനോടു മനുഷ്യന്റെ നീതിയെപ്പറ്റി വളച്ചുകെട്ടി പറയുന്നത്. ഈ കാര്യത്തില്‍ സാമ്പത്തികസംവരണം ആവശ്യപ്പെടുന്നവരും സാമുദായികസംവരണം ആവശ്യപ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാണ്.
അധികാരത്തിലിരിക്കുന്നവര്‍ നീതിയുടെ കിന്നരിവച്ച തലപ്പാവ് അണിഞ്ഞിരിക്കുമ്പോഴും അനീതിയുടെ നേര്‍ക്ക് മനഃപൂര്‍വ്വം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കേണ്ടിവരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മനഃസാക്ഷിക്കുത്ത് അവര്‍ക്കു വേണ്ടത്ര ഒളിച്ചുവയ്ക്കുവാന്‍ കഴിയാതെ പോകുന്നു. തലമുറകളായി അപകര്‍ഷത അനുഭവിച്ചുപോരുന്ന ഒരുവനെ നീതിപീഠത്തില്‍ അവരോധിക്കുമ്പോള്‍ നീതിപീഠത്തിലിരിക്കുന്ന ഒരു അഭിജാതനെപ്പോലെയല്ല അനഭിജാതന്‍ പെരുമാറുന്നത്. താന്‍ നീതിയുടെ പരമമൂര്‍ത്തിയാണെന്നു ബോധ്യപ്പെടുത്തണമെങ്കില്‍ അവന്‍ സ്വപക്ഷപാതം കാണിച്ചുകൂടെന്നു മാത്രമല്ല, സ്വപക്ഷത്തെ പ്രതിപക്ഷമെന്നവണ്ണം നിഷ്‌കരുണം അടിച്ചുവീഴ്ത്തുവാന്‍കൂടി നിര്‍ബന്ധിതനാണെന്നു സ്വയമേ വിശ്വസിച്ചുപോകുന്നു. അഭിജാതന് പൂര്‍വ്വപരിചയം വച്ചുകൊണ്ട് അനീതി എത്രവേണമെങ്കിലും ആവര്‍ത്തിക്കാം. എന്നാല്‍ അനഭിജാതനു മുന്‍പ് ഒരിക്കലും കിട്ടാതിരുന്ന അവസരം കിട്ടുമ്പോള്‍ അതിനെ ഒരു ‘ക്രെഡിറ്റ് കോര്‍’ ആക്കുന്നതിനുവേണ്ടി നീതിയുടെ സ്ഥാപനത്തിനായി അസന്ദിഗ്ദ്ധമായും ഉച്ചത്തിലും നീതി പ്രസ്താവിക്കേണ്ടിവരും. അപ്പോഴൊക്കെയും സ്വപക്ഷഭേദമില്ലെന്നു തെളിയിക്കുവാന്‍ വേണ്ടി കണക്കിലേറെ സ്വപക്ഷീയരെ ശിക്ഷിക്കേണ്ടതായും വരും.
നവനീതമെന്നു പറഞ്ഞാല്‍ ‘ക്രീമിലെയര്‍ ‘. മട്ടി എന്നു പറഞ്ഞാല്‍ ‘സ്‌കം’. കേരളത്തിലെ മനുഷ്യരെല്ലാം മനുഷ്യര്‍തന്നെയാണ്. അവന്റെ ചരിത്രപശ്ചാത്തലം അനേക തലമുറകളായി നീതി നിഷേധിക്കപ്പെട്ടവരുടെയും അന്യോന്യം നീതി നിഷേധിക്കുവാന്‍ വ്യഗ്രത കാണിച്ചവരുടേതുമാണ്. എന്നിരുന്നാലും ശരീരത്തിലും ഇന്ദ്രിയങ്ങളിലും മനസ്സിലും മനുഷ്യര്‍ ഒരേ മനുഷ്യപ്രകൃതിക്കു ചേരുന്ന മാതിരിയാണ് പെരുമാറുന്നത്. ബുദ്ധിയുടെ ചാതുര്യത്തിലും വക്രതയിലും സമാനസ്വഭാവമുള്ളവരാണ്. തലമുറകളായി നീതിയെ അവഹേളിച്ചുപോന്നിട്ടുള്ള ഭരണപാരമ്പര്യമുള്ളവര്‍ക്കു സ്വകാര്യതാത്പര്യത്തിനുവേണ്ടി അതിനെ പിന്നെയും പിന്നെയും നിഷേധിക്കുവാന്‍ ഒരു കൂസലുമില്ല. എന്നാല്‍ നീതി ലഭിക്കാതെ പരമ്പരകളില്‍ക്കൂടി വന്നവന് അതേ സാമൂഹികസാഹചര്യമുണ്ടായി അവന്‍ പരസ്യമായി നീതികാണിക്കേണ്ടിവരുമ്പോള്‍ സ്വപക്ഷത്തു നില്ക്കുന്നവരോടുതന്നെ കഠിനമായും കര്‍ക്കശമായും പെരുമാറുവാന്‍ അവന്‍ ഉദ്യുക്തനാകുന്നത് സ്വാത്മരക്ഷയ്ക്കുവേ്യുിയുള്ള ഒരു അടവാണ്.
സി.ഒ. മാധവന്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ, എസ്.എന്‍.ഡി.പി.യുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്ന് സി.പി. രാമസ്വാമി അയ്യര്‍ ചോദിപ്പിച്ചതും, എസ്.എന്‍.ഡി.പി.ക്കു കിട്ടേണ്ടുന്നതായ ആനുകൂല്യങ്ങള്‍ കിട്ടാതിരുന്നത് ശ്രീനാരായണഗുരു സന്ന്യാസിസംഘം ഉണ്ടാക്കിയതുകൊണ്ടാണെന്നും അത് അനീതിയാണെന്നും ചീഫ് ജസ്റ്റിസ് കുഞ്ഞിരാമനെക്കൊണ്ടു പറയിപ്പിച്ചതും അദ്ദേഹം പറഞ്ഞതും ഇതിന് ഉദാഹരണങ്ങളാണ്. അപകൃഷ്ടന്‍ ഉത്കൃഷ്ടനായി ചമയുന്നതിന്റെ രണ്ടു ചരിത്രപരമായ ഉദാഹരണങ്ങളാണിവ.
നിഷ്പക്ഷത പാലിക്കേണ്ട നീതിപീഠങ്ങളിലിരിക്കുന്നവര്‍ക്കു ധനാത്മകമായ ധര്‍മ്മബോധവും ഋണാത്മകമായ ധര്‍മ്മബോധവും ഒഴിവാക്കുവാന്‍ കഴിയാത്ത മാതിരി മാറിമാറി അവരില്‍ അവ ആവേശിതമായി വരുമെന്നു നാം മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് ഭരണഘടനയില്‍ക്കൂടി നമ്മിലേക്കുവന്നിട്ടുള്ള സംവരണതത്ത്വത്തെ വേണ്ടതരത്തില്‍ വിലയിരുത്തുവാന്‍ അധികാരികളും ആവശ്യക്കാരും ഒരുപോലെ പരാജിതരായിപ്പോകുന്നത്. ജാത്യാഭിമാനത്തിനു പുറത്തുവന്നിട്ട് മനസ്സിന്റെ കുതന്ത്രങ്ങളെ വ്യക്തമായി കാണുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജാതിസംവരണത്തെയും സാമ്പത്തിക സംവരണത്തെയും പൊക്കിപ്പിടിക്കുന്നവരുടെ സ്ഥാപിതതാത്പര്യങ്ങള്‍ വ്യക്തമായി കാണുവാന്‍ കഴിയുകയുള്ളൂ. മാനവികതയെ മാത്രമേ ജനങ്ങള്‍ അഭിലഷിക്കുന്നുള്ളുവെങ്കില്‍ സോഷ്യലിസ്റ്റ് ഭരണരീതികൊണ്ട് എല്ലാ വ്യക്തികള്‍ക്കും ലഭിക്കേണ്ടുന്നതായ ജീവിതാനുകൂല്യം നല്കാന്‍ പ്രയാസമില്ലെന്നിരിക്കേ പകുതി സാമ്യവാദവും പകുതി ചരിത്രവാദവും കലര്‍ത്തി ഭരണകൂടം ഉണ്ടാക്കുന്നത് എപ്പോഴും രണ്ടു താരിപ്പുകളെ സൗകര്യംപോലെ മാറ്റിയും മറിച്ചും ചെയ്യുവാന്‍ ജനങ്ങളെ ഉദ്യുക്തരാക്കുന്നു. ജനിച്ചുവരുന്ന ഓരോ കുഞ്ഞിനും രാജ്യത്തുള്ള മറ്റെല്ലാ കുഞ്ഞുങ്ങളോടുമൊപ്പം ആഹാരം, ജീവിതസൗകര്യം, രോഗശുശ്രൂഷ, വിദ്യാഭ്യാസനൈപുണ്യം എന്നിവ ഉണ്ടാക്കിക്കൊടുക്കുന്നതാണ് വാസ്തവികവും നീതിനിഷ്ഠവുമായ സംവരണം. അവിടെ സാമ്പത്തികതയും ജാതിയും മതവും ഒന്നും നോക്കേണ്ട–എല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്ന സംവരണം. അതിനു നാട്ടുകാരും സര്‍ക്കാറും തയ്യാറായാല്‍പ്പിന്നെ സാമുദായിക സംവരണമെന്നോ സാമ്പത്തികസംവരണമെന്നോ പറയേണ്ടതില്ല. മനുഷ്യന്–മനുഷ്യന്റെ ആവശ്യനിര്‍വ്വഹണം എന്ന ഒരൊറ്റ നീതി മാത്രമേ അവിടെ പ്രസക്തമാകുന്നുള്ളു. ഇതുകൊണ്ടു ജാതിയുടെ പ്രശ്‌നത്തിനു മാത്രമല്ല പരിഹാരം ഉ്യുാകുന്നത്, സ്ത്രീപുരുഷ അസമത്വങ്ങള്‍കൂടി ഇല്ലാതാകുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ തരംതിരിക്കാതെ ഒരു മനുഷ്യവ്യക്തിക്കു കിട്ടേണ്ടുന്ന സ്വാതന്ത്ര്യവും ജീവിതത്തിലെ തുല്യപങ്കാളിത്തവും കിട്ടുമെന്നുവന്നാല്‍പ്പിന്നെ ഇപ്പോള്‍ കാണിക്കുന്ന ഒളിച്ചുകളികളൊക്കെ നിറുത്താമെന്നു തോന്നുന്നു.
No comments:
Post a Comment