Thursday, 31 May 2012

ക്രിസ്തു ആരുടെ സ്വത്ത്? പള്ളിയുടെയോ പാര്‍ട്ടിയുടേയോ?


ഡാവിഞ്ചിയുടെ വിശ്വവിഖ്യാതമായ അന്ത്യഅത്താഴ ചിത്രം സി പി എം വികലമായി ഉപയോഗിച്ചു എന്ന് ആരോപണത്തെത്തുടന്നുണ്ടായ ചര്‍ച്ചകള്‍ക്ക് സാംസ്‌കാരികകേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ .  ആദ്യമായല്ല ഈ ചിത്രം വിവാദവിഷയമാകുന്നത്. വാര്‍ത്ത പുറത്തുവിട്ട മനോരമതന്നെ ഈ ചിത്രം കാര്‍ട്ടൂണായി ഉപയോഗിച്ചുണ്ടെന്ന വാദവുമായി പാര്‍ട്ടി രംഗത്തെത്തിക്കഴിഞ്ഞു. ക്രിസ്തു ക്രിസ്ത്യാനികളുടെ മാത്രം സ്വകാര്യസ്വത്തല്ല എന്ന്  മാര്‍ ക്രിസോസ്റ്റത്തെപ്പോലെയുള്ള തിരുമേനിമാര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇവിടെ ഏറ്റവും പെട്ടന്ന് വ്രണപ്പെടുന്ന വികാരം മതവികാരമാണ് എന്നതിനാലാകാം ഇത്തരം പ്രശ്‌നങ്ങള്‍ വേഗത്തില്‍ കത്തിപ്പടരുന്നത്. ഏതായാലും പാര്‍ട്ടിയും സഭയുമായുള്ള പടലപ്പിണക്കള്‍ ഈ വിവാദത്തെത്തുടര്‍ന്ന് ചൂടുപിടിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മാര്‍ക്‌സിസവും ക്രിസ്തുമതവുമായുള്ള സാധര്‍മ്മ്യത്തെ താത്വികമായിത്തന്നെ വിലയിരുത്തേണ്ടതുണ്ട്. പ്രൊഫ നൈനാന്‍ കോശിയുടെ പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ ‘  എന്ന പുസ്തകത്തില്‍ ഇതേ വിഷയത്തെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്. മാര്‍ക്‌സും ക്രിസ്തുവും എന്ന ലേഖനത്തില്‍നിന്ന്:
മാര്‍ക്‌സിസ്റ്റ് ആശയങ്ങളുടെ രൂപീകരണത്തില്‍ ക്രിസ്തുമതം സ്വാധീനംചെലുത്തിയിട്ടുണ്ട്. മാര്‍ക്‌സിസം ക്രിസ്തുമതത്തില്‍നിന്നും പലതും കടമെടുത്തിട്ടുണ്ട്. മാര്‍ക്‌സിസവും ക്രിസ്തീയ ദര്‍ശനങ്ങളുമായി സാധര്‍മ്യമുണ്ട്. എന്നാല്‍ മൗലികമായ വ്യത്യാസങ്ങളുമുണ്ട്. മാര്‍ക്‌സിനു മുമ്പുതന്നെ മാതൃകാപരമായ ഒരു സമൂഹമെന്ന നിലയില്‍ കമ്യൂണിസമെന്നു പറയാവുന്ന ഒരു വ്യവസ്ഥിതിയെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. അവയുടെ ചരിത്രത്തിലേക്കൊന്നും ഇവിടെ കടക്കുന്നില്ല. ആ സങ്കല്പങ്ങള്‍ക്കു രൂപം നല്കിയവരില്‍ ക്രിസ്തുവിന്റെ പ്രമാണങ്ങളെ പിന്തുടര്‍ന്ന ചിന്തകരുണ്ടായിരുന്നു.ക്രിസ്തുമതത്തിന്റെ ആരംഭത്തില്‍ത്തന്നെ കമ്യൂണുകള്‍ ഉണ്ടായിരുന്നു. ആദിമസഭയുടെ കൂട്ടായ്മ ഒരു കമ്യൂണ്‍ ആയിരുന്നു. അപ്പോസ്‌തോലപ്രവൃത്തികളില്‍ നാം ഇപ്രകാരം വായിക്കുന്നു. വിശ്വാസം സ്വീകരിച്ച എല്ലാവരും ഒരു സമൂഹമായി. എല്ലാ വസ്തുക്കളും അവര്‍ക്കു പൊതുവായിരുന്നു. അവര്‍ തങ്ങളുടെ വസ്തുവകകളും വിഭവങ്ങളും വിറ്റു; ഓരോരുത്തരുടെയും ആവശ്യാനുസരണം എല്ലാവര്‍ക്കുമായി പങ്കിടുകയും ചെയ്തു. .വിശ്വാസികളുടെ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിച്ചു. ആരും വ്യക്തിപരമായി സ്വത്ത് അവകാശപ്പെട്ടില്ല. സ്വത്തെല്ലാം സമൂഹത്തിനു പൊതുവായിരുന്നു. അവരുടെ ഇടയില്‍ ദരിദ്രന്മാര്‍ ഉണ്ടായിരുന്നില്ല. കാരണം സ്വന്തമായുണ്ടായിരുന്നതെല്ലാം അവര്‍ പൊതുസ്വത്താക്കിത്തീര്‍ത്തു. ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് അത് വിതണം ചെയ്തു. ഓരോരുത്തര്‍ക്കും ആവശ്യമനുസരിച്ച് എന്ന സോഷ്യലിസ്റ്റു പ്രമാണമാണ് ആ സമൂഹം സ്വീകരിച്ചിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രകടിപ്പിച്ച ഒരു ചിന്തകന്‍ വില്‍ഹെം വെയ്റ്റ്‌ലിംഗ്  ആയിരുന്നു. ദരിദ്രരായ പാപികളുടെ സുവിശേഷം എന്ന ഗ്രന്ഥത്തില്‍, പ്രാരംഭകാല ക്രിസ്തുമതത്തില്‍ കമ്യൂണിസം ഉണ്ടായിരുന്നുവെന്നെഴുതി. വെയ്റ്റ്‌ലിംഗിന്റെ വേറൊരു കൃതിയായ ഐക്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഉറപ്പ്”  മാര്‍ക്‌സിന്റെ ശ്രദ്ധപിടിച്ചുപറ്റി. മാര്‍ക്‌സും എംഗല്‍സും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് എന്നായിരുന്നെങ്കിലും വെയ്റ്റ്‌ലിംഗിനെ എംഗല്‍സ് ജര്‍മന്‍ കമ്യൂണിസത്തിന്റെ സ്ഥാപകന്‍ എന്നും പരാമര്‍ശിക്കുകയുണ്ടായി. ലീഗ് ഓഫ് ദി ജസ്റ്റി
ന്റെ സ്ഥാപകനേതാക്കളില്‍ വെയ്റ്റ്‌ലിംഗിന്റെ ആശയങ്ങള്‍ സ്വാധീനം ചെലുത്തി. ലീഗിന്റെ ലക്ഷ്യം
അയല്‍ക്കാരനോടുള്ള സ്‌നേഹം, സമത്വം, നീതി എന്നീ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി ദൈവരാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുകയായിരുന്നു. 1847-ല്‍ ലണ്ടനില്‍ നടന്ന ലീഗ് ഓഫ് ദി ജസ്റ്റിന്റെ സമ്മേളനം കമ്യൂണിസ്റ്റു ലീഗിന്റെ ഉദ്ഘാടനസമ്മേളനമായിത്തീര്‍ന്നു. എംഗല്‍സ് ആ സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. സംഘടനയ്ക്ക് ഒരു പ്രകടനപത്രിക ഉണ്ടാക്കാന്‍ മാര്‍ക്‌സിനെയും എംഗല്‍സിനെയും നിയോഗിച്ചു. അതാണ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ.
ഒരു പ്രത്യേക ശാസ്ത്രമെന്ന നിലയില്‍ മാര്‍ക്‌സിസം രൂപമെടുത്തപ്പോഴാണ് അതിനു ക്രിസ്തുമതത്തോടുള്ള
ബന്ധം വ്യക്തമായത്. ക്രിസ്തീയ സുവിശേഷത്തോടും ചിന്തകരോടും മാര്‍ക്‌സിസത്തിനുള്ള കടപ്പാട് നിഷേധിക്കാന്‍ സാധ്യമല്ല. അതേ സുവിശേഷവും ചിന്തകളുമാണ് ഇന്നും പുരോഗമനാശയക്കാരായ ക്രിസ്ത്യാനികളെ നയിക്കുന്നത്. ഏറ്റവും നല്ല ഉദാഹരണം വിമോചനദൈവശാസ്ത്രമാണ്.ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്. കമ്യൂണിസത്തിനു തങ്ങളുടെ മതവുമായി ബന്ധമുണ്ടെന്നു കേള്‍ക്കുന്നതു പല ക്രിസ്ത്യാനികള്‍ക്കും അസുഖകരമാണ്. ആ ബന്ധം ഒരു വസ്തുതയാണെങ്കിലും അത് അംഗീകരിക്കുവാന്‍ അവര്‍ വൈമുഖ്യം കാട്ടുന്നു. അപ്പോസ്‌തോലപ്രവൃത്തികള്‍  പോലെയുള്ള വേദഭാഗങ്ങളില്‍ വിവരിച്ചിട്ടുള്ള സാമൂഹ്യക്രമം സ്വമേധായുള്ള തീരുമാനത്തിന്റെ ഫലമാണെന്നും കമ്യൂണിസ്റ്റുകാരാകട്ടെ പുതിയ സാമൂഹ്യക്രമം അടിച്ചേല്പിക്കുകയുമാണെന്ന് അവര്‍ വാദിക്കുന്നു. അതേസമയം സാമൂഹ്യക്രമത്തെപ്പറ്റിയുള്ള അവരുടെ സങ്കല്പങ്ങള്‍ പുതിയനിയമത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. അതേ സങ്കല്പങ്ങള്‍ മാര്‍ക്‌സിസത്തിലുണ്ടെന്നുള്ള വസ്തുത അവര്‍ നിഷേധിക്കുന്നതാണ് വിരോധാഭാസം.
മാര്‍ക്‌സിന്റെ പ്രാരംഭകാല ചിന്താവികാസത്തില്‍ രണ്ടു പ്രധാന വിഷയങ്ങളുണ്ട്. മനുഷ്യനെപ്പറ്റിയുള്ള സങ്കല്പവും ചരിത്രത്തെപ്പറ്റിയുള്ള സങ്കല്പവും. ഇവയ്ക്കു മനുഷ്യനെയും ചരിത്രത്തെയും സംബന്ധിച്ചുള്ള ക്രിസ്തീയവ്യാഖ്യാനവുമായി പ്രകടമായ സാധര്‍മ്യമുണ്ട്. മാര്‍ക്‌സിന്റെ മനുഷ്യസങ്കല്പം ആദ്യകാലത്തെ മാത്രമല്ല, പില്‍ക്കാലത്തെ രചനകളിലും സുവ്യക്തമായിരുന്നു. മനുഷ്യന്‍ അന്യവല്‍ക്കരിക്കപ്പെടുന്നതും മനുഷ്യന്റെ മാനവികത നഷ്ടപ്പെടുന്നതും. മൗലികമായി മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥയില്‍നിന്ന് അന്യനാണ്, മനുഷ്യന്‍ ആയിരിക്കേണ്ട അവസ്ഥയില്‍ എത്തിയിട്ടുമില്ല. മുതലാളിത്ത സാമൂഹ്യക്രമത്തില്‍ യഥാര്‍ത്ഥ മാനവികത സാധ്യമല്ല. തൊഴിലാളിവര്‍ഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. അവരുടെ ജീവിതത്തിലാണ് അന്യവല്‍ക്കരണവും മാനവികതയുടെ നഷ്ടപ്പെടലും. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള സങ്കല്പം മാര്‍ക്‌സ് ഹെഗലില്‍നിന്ന് സ്വീകരിക്കുകയായിരുന്നു. അതിന്റെ ഉറവിടം ക്രിസ്തീയ പ്രവാചക പാരമ്പര്യമായിരുന്നു. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള ക്രിസ്തീയ ധാരണയും മാര്‍ക്‌സിയന്‍ ധാരണയും തമ്മില്‍ സാധര്‍മ്യവും വ്യത്യാസവുമുണ്ട്. ക്രിസ്തുമതത്തില്‍ അന്യവല്‍ക്കരണം മുഖ്യമായും മനുഷ്യനു ദൈവത്തില്‍നിന്നുള്ള അന്യവല്‍ക്കരണമാണ്. മനുഷ്യനു മനുഷ്യനില്‍നിന്നുള്ള അന്യവല്‍ക്കരണം അതിന്റെ ഫലമാണ്. മാര്‍ക്‌സിസത്തില്‍ മനുഷ്യന് മനുഷ്യനില്‍നിന്നുള്ള അന്യവല്‍ക്കരണം മാത്രമേയുള്ളൂ. ക്രിസ്തുമതത്തിലും മാര്‍ക്‌സിസത്തിലും അന്യവല്‍ക്കണം മനുഷ്യനെ എത്തിക്കേണ്ട നിലയില്‍ എത്തിക്കുന്നില്ല. അവന്റെ സാധ്യതകളെ മുരടിപ്പിക്കുന്നു. വ്യക്തിയെപ്പറ്റി മാത്രമല്ല, സമൂഹത്തെപ്പറ്റിയും ഇതു ശരിയാണ്
ക്രിസ്തുമതമെന്ന് മാര്‍ക്‌സ് അന്നു കരുതിയിരുന്നതിനെ മാര്‍ക്‌സും എംഗല്‍സും കുറേയേറെ അംഗീകരിച്ചിരുന്നു. ഫ്യോവര്‍ബാക്കിന്റെ മതേതരക്രിസ്തുമതം രണ്ടുപേര്‍ക്കും പില്‍ക്കാല നിലപാടിലേക്ക് ഒരു പാലമായിത്തീര്‍ന്നു. അന്യവല്‍ക്കരണം എന്ന തത്ത്വമുപയോഗിച്ചാണ് മാര്‍ക്‌സ് അര്‍ദ്ധദൈവശാസ്ത്ര വിശദീകരണത്തില്‍നിന്ന് അര്‍ദ്ധ സാമൂഹ്യശാസ്ത്രവിശദീകരണത്തിലേക്കു നീങ്ങുന്നത്. അന്യവല്‍ക്കരണത്തെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ ധാരണ ഒരു വലിയ അളവില്‍ ക്രിസ്തുമതത്തില്‍നിന്ന് സ്വീകരിച്ചതാണ്.
സാമൂഹ്യ അനീതിയെപ്പറ്റിയുള്ള മാര്‍ക്‌സിന്റെ ആഖ്യാനവും വിമര്‍ശനവും വേദപുസ്തകത്തിലെ ആഖ്യാനവും വിമര്‍ശനവുമായി മിക്കയിടത്തും ഒത്തുചേരുന്നതാണ്. ഈ ഒത്തുചേരലിനെ വിവിധ കോണുകളില്‍നിന്ന് സമീപിക്കാം. നീതിക്കു പരിഗണന നല്കാത്ത സമൂഹങ്ങളെ പഴയനിയമപ്രവാചകന്മാരും യേശുക്രിസ്തുവും വിമര്‍ശിക്കുന്നു. ഇവര്‍ വിഭാവന ചെയ്യുന്ന ചൂഷണരഹിതമായ സാമൂഹ്യക്രമംതന്നെയാണ് പില്‍ക്കാലത്ത് മാര്‍ക്‌സ് വിഭാനവനചെയ്യുന്നതെന്നു പറയാം. വേദഗ്രന്ഥങ്ങളിലൂടെ മനുഷ്യനു ദൈവത്തില്‍നിന്നുള്ള സന്ദേശം, പൂര്‍ണമായി നീതിയുള്ള ഒരു വ്യവസ്ഥിതി ഈ ലോകത്തില്‍തന്നെ കെട്ടിപ്പടുക്കണമെന്നാണ്; ദൈവരാജ്യത്തിന്റെ ഭൂമിയിലെ പ്രതിഫലനമായി. സ്വകാര്യസത്തും സാമ്പത്തിക അസമത്വവും അപലപിക്കപ്പെടുന്നു. കമ്യൂണിസത്തിന് അനുകൂലമായ, സാമ്പത്തികക്രമീകരണത്തിന്റെ നീതീകരിക്കാവുന്ന ഏകരൂപമാണ് ബൈബിളില്‍ നാം കാണുന്നത്. സാമൂഹ്യനീതിയുടെ മാനദണ്ഡങ്ങളായി മാര്‍ക്‌സ് ഉയര്‍ത്തിക്കാട്ടുന്നത് ആദ്യകാല ക്രിസ്തീയ മാനവികതയിലേതുതന്നെയാണ്.
ലോകത്തെ പരിവര്‍ത്തനം ചെയ്ത് ഒരു പുതിയ യുഗത്തിനു സ്വാഗതം നല്കാന്‍, ക്രിസ്തുവും മാര്‍ക്‌സും അവരുടെ അനുയായികളോട് പൂര്‍ണമായ വിശ്വസ്തത ആവശ്യപ്പെടുന്നു. യേശുവിന്റേത് ദൈവകേന്ദ്രീകൃതവും മാര്‍ക്‌സിന്റേതു സാമ്പത്തിക സംബന്ധവുമായിരുന്നെങ്കിലും രണ്ടുപേരുടെയും പരമമായ ലക്ഷ്യം പ്രായോഗികവും ധാര്‍മികവുമായിരുന്നു. മനുഷ്യജീവിതത്തിന്റെ ഒരു വിപ്ലവമാണ് ആവശ്യമായുള്ളത്. പ്രതിബദ്ധത അസന്ദിഗ്ധമായിരിക്കണം. ഭൗതികവസ്തുക്കളിലുള്ള വിശ്വാസവും സ്വത്തും ധനവും അധികാരവും സാമൂഹ്യപദ്ധതിയും എല്ലാം ഉപേക്ഷിച്ച് ദൈവവാഴ്ചയുടെ ഉടനെയുള്ള ആഗമനത്തിനായി കാത്തിരിക്കാന്‍ ക്രിസ്തു ആവശ്യപ്പെട്ടു. ബൂര്‍ഷ്വാസിയുടെ ആധിപത്യത്തെ പരാജയപ്പെടുത്താനും രാഷ്ട്രീയാധികാരം പിടിച്ചടക്കുവാനുമായി തങ്ങളുടെ വര്‍ഗത്തെ സംഘടിപ്പിക്കുകയാണ് തൊഴിലാളികളുടെ ചരിത്രകര്‍ത്തവ്യമെന്ന് മാര്‍ക്‌സ് വ്യക്തമാക്കുന്നു. ദൗത്യത്തെപ്പറ്റിയുള്ള പ്രത്യേകവീക്ഷണഗതികളാണ് ക്രിസ്തുവും മാര്‍ക്‌സും അവതരിപ്പിക്കുന്നതെങ്കിലും മനുഷ്യജീവിതത്തില്‍തന്നെയുള്ള ക്രിയാത്മകമായ പ്രക്രിയയോട് രണ്ടുപേരും പ്രതിബദ്ധത കാട്ടുന്നു. ക്രിസ്തുവിനുംമാര്‍ക്‌സിനും മനുഷ്യന്റെ പ്രവര്‍ത്തനവിജയത്തിന്റെ ഒരു മാനദണ്ഡം സാമൂഹ്യ ഐക്യദാര്‍ഢ്യമാണ്. ഒരു നീതിപൂര്‍വകമായ സാമൂഹ്യക്രമമെന്ന അന്തിമലക്ഷ്യത്തിലേക്കുള്ള വിപ്ലവസമരത്തിലെ ഒരു പ്രധാനഘടകമാണ് മറ്റുള്ളവരെ ശരിയായ രീതിയില്‍ ജീവിക്കാന്‍ സഹായിക്കുകയെന്നുള്ളത്.
പരസ്പരം സ്‌നേഹിക്കുവാന്‍ യേശു ആഹ്വാനം ചെയ്യുന്നു. ആരെയാണ് സ്‌നേഹിക്കേണ്ടതെന്ന് സുവിശേഷത്തില്‍ വ്യക്തതയില്ലെന്നു പറയുന്ന ദൈവശാസ്ത്രജ്ഞന്മാരുണ്ട്. മത്തായിയുടെയും (5:44) ലൂക്കോസിന്റെയും സുവിശേഷങ്ങളില്‍ യേശു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുക. എന്നാല്‍ അതേസമയം പലരെയും യേശു അപലപിക്കുന്നു: പരീശന്മാരെയും സ്വാര്‍ത്ഥമതികളായ സമ്പന്നരെയും വിശപ്പുള്ളവന് ഭക്ഷണം നല്കാത്തവനെയും നഗ്നന് വസ്ത്രം നല്കാത്തവനെയും.പരസ്പരം സഹായകമാകുകയെന്നതിന് മാര്‍ക്‌സ് നല്കുന്ന അര്‍ത്ഥം സഹകരണാടിസ്ഥാനത്തിലുള്ള തൊഴിലാണ്. ഇതിന് ഉത്പാദനപരമായ ഒരു ഭൗതികവശമുണ്ട്. ഒരു
പുതിയ ശക്തിയുടെ ബഹുജനങ്ങളുടെ കൂട്ടായ ശക്തിയുടെ സൃഷ്ടി. ഈ സാഹോദര്യത്തിന്റെ ദൃഢത ആദ്ധ്യാത്മിക വളര്‍ച്ചയുടെ ഒരു പുതിയ തലത്തിലെത്തിക്കുന്നു. വ്യക്തിക്ക്, സാര്‍വത്രിക സ്വഭാവം ഉണ്ടാകുന്നു. വ്യക്തി പൂര്‍ണനാകുന്നു. അതുപോലെതന്നെ ക്രിസ്തുവിനെ സംബന്ധിച്ചിടത്തോളം നാം നമ്മുടെ പൂര്‍ണമനുഷ്യ സ്വഭാവം യാഥാര്‍ഥ്യമാക്കുന്നത്, നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളുമായി സംയോജിപ്പിക്കുമ്പോഴാണ്. ഇവിടെ യേശുക്രിസ്തു സ്വയം സാര്‍വത്രികമായി, ആവശ്യങ്ങളുള്ള ഓരോ മനുഷ്യനെയും പ്രതിനിധാനം ചെയ്യുന്നു.
യേശുക്രിസ്തുവിന്റെ പ്രവര്‍ത്തനത്തിനു തീര്‍ച്ചയായും രാഷ്ട്രീയമാനങ്ങളുണ്ടായിരുന്നു. പലസ്തീനിലെ അന്നത്തെ രാഷ്ട്രീയസ്ഥിതിയും, യേശുവിന്റെ പ്രവാചകപാരമ്പര്യവും അധികാരിവര്‍ഗത്തിനെതിരെ ആഞ്ഞടിച്ചതുമെല്ലാം, യേശുവിന്റേത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്ന ധാരണ ഉണ്ടാക്കി. രാജത്വത്തിന്റെ ചിഹ്നങ്ങള്‍ സ്വീകരിച്ചപ്പോള്‍ യേശുവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ലോകത്തിനുള്ളിലെ വിമോചനത്തെപ്പറ്റിയാണ് യേശുവിന്റെ പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയഭാവം. ആവശ്യമായ രാഷ്ട്രീയക്രമമെന്തെന്നും ലോകത്തിലെടുക്കേണ്ട രാഷ്ട്രീയ നിലപാടുകളെന്തെന്നും യേശു വ്യക്തമാക്കി. ഇതൊന്നും പരലോകത്തെപ്പറ്റിയായിരുന്നില്ല.എന്നാല്‍ ഇതിന് ഉപരിയായി ഉണ്ടായിരുന്ന ആദ്ധ്യാത്മികതയ്ക്കും ആത്മീയ പ്രസ്ഥാനത്തിനുമാണ് യേശു ഊന്നല്‍ നല്കിയത്. ഇവ തമ്മില്‍ യേശു വേര്‍തിരിച്ചു കാണുന്നില്ല. പുതിയ സാമൂഹ്യക്രമത്തെപ്പറ്റി യേശു നല്കിയമാതൃക പിന്തുടരാനാണ് ആദ്യകാലസഭ ശ്രമിച്ചത്. ഈ മാതൃക തീര്‍ച്ചയായും മാര്‍ക്‌സിസത്തെ സ്വാധീനിച്ചു.

എന്താണീ വര്‍ഗ്ഗീയത?

പലപ്പോഴും നമ്മുടെ പൊതുചര്‍ച്ചകളില്‍ പ്രധാനപ്പെട്ട പ്രമേയമായിക്കൊണ്ടിരിക്കുകയാണ് വര്‍ഗ്ഗീയത. തെരഞ്ഞെടുപ്പുവേളകളിലാണ് പലപ്പോഴും ഈ വിഷയം കൊടുമ്പിരിക്കൊള്ളുന്നത്.ഏത് കക്ഷിക്കാണ് വര്‍ഗ്ഗീയതയുള്ളത്, ഏത് മുന്നണിക്കാണ് വര്‍ഗ്ഗീയവാദികളുമായി ബന്ധമുള്ളത് എന്നീ കാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും വര്‍ഗ്ഗീയത ചീത്തയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും എതിരില്ല!  
.
സാധാരണ കേള്‍ക്കാറുള്ള ചോദ്യം:  അവനവന്റെ നാട്ടുകാരെയോ, ജാതിക്കാരെയോ, ഭാഷക്കാെരയോ സ്‌നേഹിക്കുന്നത് തെറ്റാണോ? അവരെ സേവിക്കുന്നത് കുറ്റമാണോ? അല്ല. ഒറ്റക്കോ കൂട്ടായോ അത്തരം സംഗതികള്‍ ചെയ്യുന്നവരെ സമുദായസ്‌നേഹികള്‍ എന്നാണ് വിളിക്കാറ്; വര്‍ഗ്ഗീയവാദികള്‍ എന്നല്ല. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, സാമൂഹ്യപരിഷ്‌ക്കരണം തുടങ്ങി പല രംഗങ്ങളിലും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രസേവനം തന്നെയാണ്. ശ്രീനാരായണഗുരു, സനാഉല്ലാ മക്തിത്തങ്ങള്‍ , അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് മുതലായ പരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍  ഓര്‍ത്തുനോക്കുക. അത്തരം സാമുദായികമുന്നേറ്റങ്ങളിലൂടെയാണ്  രാഷ്ട്രം പുരോഗമിക്കുന്നത്.
ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള ഈ പരിഗണന അധികാരത്തിന് വേണ്ടി ഉപയോഗിക്കുമ്പോള്‍ സംഗതി മാറുന്നു. സമുദായസേവനത്തിന്റെ അധികാരവത്ക്കരണമാണ് അപ്പോള്‍ നടക്കുന്നത്. സമുദായസ്‌നേഹം രാഷ്ട്രീയത്തിലെ സാമുദായികവാദമായി കോലം മറിയുന്ന സ്ഥിതിയാണത്.  അധികാരലാഭത്തിനു വേണ്ടി ഭാഷ, ജാതി, മതം മുതലായവയെ വൈകാരികമായി ഉപയോഗിക്കുന്ന അവസ്ഥ അപ്പോള്‍ വന്നുചേരുന്നു. ഇപ്പറഞ്ഞ സാമുദായികവാദം സാമൂഹ്യജീവിതത്തിന്റെ പുറംപോക്കില്‍ കഴിഞ്ഞുകൂടുന്നവര്‍ക്ക് വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; അത്തരം ദുരവസ്ഥയില്ലാത്ത സമൂഹങ്ങള്‍ക്കു വേണ്ടിയാവുമ്പോള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ദുര്‍ബലരുടെ അവശതയ്ക്ക് പരിഹാരം ഉണ്ടാവുന്നതോടെ സാമുദായികവാദം കൈയൊഴിക്കണം.
ഇവിടെ വരാനിടയുള്ള എതിര്‍വാദം: ജനാധിപത്യവ്യവസ്ഥയില്‍ ഏത് വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെങ്കിലും അധികാരത്തില്‍ പങ്ക് കിട്ടണം. വംശം, ഭാഷ, വര്‍ണ്ണം, ജാതി, മതം, പ്രദേശം, ലിംഗം മുതലായ പലതിന്റെ പേരിലും പലവിധമായ വിവേചനങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ നടക്കുന്നുണ്ട്.  ഭാഷാന്യൂനപക്ഷങ്ങളും മതന്യൂനപക്ഷങ്ങളും അടിയാളജാതിക്കാരും സ്ത്രീകളും നേരിട്ടുകൊണ്ടിരിക്കുന്ന അനീതികള്‍ ആലോചിക്കുക. ദല്‍ഹിയില്‍ സിക്കുകാരും ഗുജറാത്തില്‍ മുസ്‌ലിങ്ങളും ഒറീസ്സയില്‍ ക്രിസ്ത്യാനികളും  കൊലകള്‍ക്ക് ഇരയായ അനുഭവം ഉദാഹരണം.
മറുപടി: ഇത്തരം അനീതികള്‍ അവയ്ക്ക് വിധേയരാവുന്ന  വിഭാഗത്തിന്റെ മാത്രം കാര്യമല്ല; ജനാധിപത്യസമൂഹത്തിന്റെ പൊതുപ്രശ്‌നമാണ്. അതിന്നു കൂട്ടായി പരിഹാരം കാണണം. ഏതെങ്കിലും തരത്തിലുള്ള ന്യൂനപക്ഷത്തിന്റെ  വിഷമങ്ങള്‍ ആ വിഭാഗത്തിന് മാത്രമായി പരിഹരിക്കാന്‍ കഴിയില്ല.  അവര്‍ ന്യൂനപക്ഷമാണ് എന്നതുതന്നെ കാരണം. സാമുദായികവാദം കൊണ്ട് ചില പിന്നോക്കക്കാര്‍ക്ക് ആനുകൂല്യങ്ങളും  സൗകര്യങ്ങളുമൊക്കെ നേടിയെടുക്കാന്‍ സാധിച്ചേക്കുമെങ്കിലും രാഷ്ട്രത്തിലെ ഭിന്നവിഭാഗങ്ങള്‍ നേരിടുന്ന  പ്രശ്‌നങ്ങള്‍ക്ക് വിശാലാടിസ്ഥാനത്തില്‍ പരിഹാരം കാണുവാന്‍ അത് പ്രാപ്തമാവുകയില്ല. സ്വന്തം വിഭാഗത്തോടുള്ള സ്‌നേഹം മുന്‍നിര്‍ത്തി മാത്രം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമുദായികവാദത്തിന് പല പരിമിതികള്‍ ഉണ്ടെങ്കിലും അന്യവിഭാഗങ്ങളോട് വെറുപ്പ് പ്രചരിപ്പിക്കാത്ത കാലത്തോളം അതിനെ വര്‍ഗ്ഗീയം എന്ന് കുറ്റപ്പെടുത്താനാവില്ല.
അവഗണിതരും അവശരും ചൂഷിതരും ആയി ചില വിഭാഗങ്ങള്‍ മുഖ്യധാരയ്ക്ക് പുറത്ത് പുലരാനിടയാവുന്നത്
കൊണ്ടാണ് സാമുദായികവാദം ഉരുവം കൊള്ളുന്നത്.  അത്തരം അനീതികള്‍ ഇല്ലായ്മ ചെയ്യാന്‍  ജനാധിപത്യം പ്രാപ്തി നേടുമ്പോള്‍  സാമുദായികവാദം അപ്രസക്തമായിത്തീരും. സാമുദായികവാദത്തിന് വികാരതീവ്രതകൊ്യു്  തീകൊടുക്കുമ്പോഴാണ്  അത് വര്‍ഗ്ഗീയവാദമായി ചുട്ടുപഴുക്കുന്നത്. വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ട മതവും ജാതിയും എന്നപോലെ ഏതുവിഷയവും വികാരത്തിന്റെ വാതകം ആക്കി തീക്കൊടുക്കാം. മുംബൈയിലെ ശിവസേനാനേതാവ് ബാല്‍താക്കറെ പ്രാദേശികതയെ ആണ് കത്തിക്കുന്നത്.
എന്താണ് വര്‍ഗ്ഗീയവാദം? സാമുദായികവാദവുമായി അതിനുള്ള വ്യത്യാസമെന്താണ്?സ്വന്തക്കാരോടുള്ള സ്‌നേഹമാണ് സാമുദായികവാദം.  സ്വന്തമല്ലാത്ത എല്ലാറ്റിനോടുമുള്ള വെറുപ്പാണ് വര്‍ഗ്ഗീയവാദം. ഒരു വിഭാഗത്തിന് ഇന്നയിന്ന ആനുകൂല്യങ്ങള്‍ വേണമെന്ന അപേക്ഷയാണ് സാമുദായികവാദം. ഒരു വിഭാഗം ഇന്നയിന്ന കാര്യങ്ങള്‍ പിടിച്ചെടുക്കും എന്ന പ്രഖ്യാപനമാണ് വര്‍ഗ്ഗീയവാദം. സാമുദായികവാദം സാമാന്യമായി യുക്തിയും വിവേകവും ഉപയോഗിക്കുമ്പോള്‍ വര്‍ഗ്ഗീയവാദം ശക്തിയും വികാരവും ഉപയോഗിക്കുന്നു. ആദ്യത്തെ കൂട്ടര്‍ക്ക് ആശയമാണ് ആയുധം. ര്യുാമത്തെ കൂട്ടര്‍ക്ക് ആയുധമാണ് ആശയം.ജനാധിപത്യത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് സാമുദായികവാദം പ്രവര്‍ത്തിക്കുന്നത്. വര്‍ഗ്ഗീയവാദത്തിന് ജനാധിപത്യത്തില്‍ വിശ്വാസമില്ല.അതുകൊ്യുാണ് വര്‍ഗ്ഗീയവാദികള്‍ പാര്‍ലമെന്റ്മന്ദിരം ആക്രമിക്കുന്നത്.
സംവാദം സാമുദായികവാദത്തിന് പറ്റും; വര്‍ഗ്ഗീയവാദത്തിന് പറ്റില്ല. നാവടക്കൂ എന്നതാണ് അതിന്റെ ആജ്ഞ. ഇല്ലെങ്കില്‍ നാവരിയും എന്നും. സൂക്ഷിച്ചുനോക്കൂ: ഫാസിസം തന്നെയാണ് വര്‍ഗ്ഗീയവാദം. ഹിറ്റ്‌ലര്‍ യഹൂദവിരോധം അടിസ്ഥാനമാക്കിയാണ്  ആര്യവംശാധിപത്യത്തിന്  വേണ്ടി പ്രവര്‍ത്തിച്ചത്.  ഇന്ത്യയില്‍ മുസ്‌ലിംവിരോധം ആധാരമാക്കി ഹിന്ദുവര്‍ഗ്ഗീയതയും ഹിന്ദുവിരോധം ആധാരമാക്കി മുസ്‌ലിംവര്‍ഗ്ഗീയതയും മുന്നേറുന്നു. ആര്യവംശാധിപത്യം എന്നുപറയുമ്പോലെത്തന്നെ ഫാസിസ്റ്റ് ആശയമാണ് ഹിന്ദുരാഷ്ട്രം, ഇസ്ലാമികരാഷ്ട്രം എന്നീ സങ്കല്‍പങ്ങള്‍. രാഷ്ട്രമതം എന്നത് ആ മതത്തില്‍ പെടാത്തവരെയൊക്കെ പൗരാവകാശങ്ങളില്ലാത്ത രണ്ടാം കിടക്കാരായി  തരം കെടുത്തി ഒരു മതവിഭാഗത്തിന്റെ ഏകാധിപത്യം നടപ്പാക്കുക എന്ന സ്വപ്നമാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാനവിശ്വാസമായ മനുഷ്യരുടെ തുല്യത എന്ന ചിന്തയുമായി അതിന് ബന്ധമില്ല.
അവശതാനിവാരണം എന്നതിനപ്പുറം സാമുദായികവാദത്തിന് പ്രത്യയശാസ്ത്രങ്ങളൊന്നുമില്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍  ആ വാദം തീര്‍ന്നു. വര്‍ഗ്ഗീയവാദം ഒരു പ്രത്യയശാസ്ത്രമാണ്. വെറുപ്പിന്റെ രാഷ്ട്രീയമാണത്.   സ്വന്തം വംശം, മതം മുതലായവയുടെ പേരില്‍ അധികാരം പിടിച്ചടക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവത്തിന്റെ ഭരണം എന്നതാണ് വര്‍ഗ്ഗീയവാദികളുടെ മതരാഷ്ട്രസങ്കല്‍പത്തിന്റെ ഉള്ളടക്കം.  അത് ജനാധിപത്യവിരുദ്ധമാണ് എന്ന് വ്യക്തം. ആ കൂട്ടരും ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പേരില്‍, ജനാധിപത്യ വ്യവസ്ഥയ്ക്കകത്ത് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തിന്റെ വഴിയിലൂടെയാണ് ആര്യാധിപത്യത്തിന്റെ അവതാരപുരുഷനായ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയത്!
എന്തിന്റെ പേരില്‍ പുലരുന്ന വര്‍ഗ്ഗീയവാദവും ഹിംസയില്‍ അധിഷ്ഠിതമാണ്. നിരപരാധികളെയും അപരാധികളെയും ഒരുപോലെ കൊല്ലാന്‍ തയ്യാറാവുക എന്നതാണ് അതിന്റെ സന്ദേശം; അല്ലെങ്കില്‍ മരിക്കാനൊരുങ്ങുക എന്ന്. കൊന്നാല്‍ ഇഹലോകത്തും  മരിച്ചാല്‍ പരലോകത്തും വീരസ്വര്‍ഗ്ഗം എന്നതാണ് അതിന്റെ പ്രലോഭനം. പ്രതിരോധത്തിന്റെ പേരില്‍ ആക്രമണങ്ങളെയും പ്രത്യാക്രമണങ്ങളെയും ന്യായീകരിക്കുക എന്നതാണ് അതിന്റെ നീതിശാസ്ത്രം. കൊലപാതകം എങ്ങനെയാണ് രാഷ്ട്രീയപ്രവര്‍ത്തനമാകുന്നത്,  സമാധാനലംഘനം എങ്ങനെയാണ് ജനസേവനമാകുന്നത് എന്ന് വര്‍ഗ്ഗീയവാദത്തോട് ചോദിക്കാന്‍ നാം പലപ്പോഴും വിട്ടുപോകുന്നു.
നമ്മള്‍ ഓര്‍ത്തിരിക്കണം: ഏത് തരം വര്‍ഗ്ഗീയവാദവും ജനവിരുദ്ധമാണ്. എന്നിട്ടും അതില്‍ ആളെക്കൂട്ടാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുന്നു- ജനാധിപത്യത്തിന്റെ ഒരു കുഴപ്പം ജനങ്ങള്‍ക്കെതിരായി ജനങ്ങളെ  ഉപയോഗിക്കാന്‍ അതില്‍ പഴുതുണ്ട് എന്നതാണ്.(മതേതരവാദത്തെ മുസ്ലീങ്ങള്‍ പേടിക്കേണ്ടതുണ്ടോ?എന്ന പുസ്തകത്തില്‍നിന്നും)

സംവരണം: നീതിയും അനീതിയും

എത്ര പരാധീനത അനുഭവിക്കുന്ന നായരാണെങ്കിലും അവന്റെ ഉള്ളില്‍ മാടമ്പിത്തത്തെപ്പറ്റിയുള്ള മിഥ്യാഭിമാനമിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ദരിദ്രാവസ്ഥയില്‍ കിടക്കുന്ന അവന് ഒത്താശ ചെയ്യണം എന്നു പറയുവാന്‍ അവന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. ഈഴവന്‍ എത്ര നവാഭിജാതനായിത്തീര്‍ന്നാലും അവന്റെ ഉള്ളില്‍ അപ്പൂപ്പന്റെ പഴയ ചെത്തുപാളയെപ്പറ്റിയുള്ള അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. പൂര്‍വ്വികമായ ഓര്‍മ്മകളില്‍നിന്നുള്ള മുക്തിയാണ് ഓരോ കേരളീയനും അവശ്യം ലഭിക്കേണ്ടുന്നത്. ഈ പുകമറകള്‍ മാറിയാലേ കേരളത്തിന്റെ സാമൂഹികതയ്ക്ക് ഒരു ശാസ്ത്രീയമാനം ലഭിക്കുകയുള്ളൂ. അതു മറച്ചുവച്ചുകൊണ്ടാണു മറ്റവനോടു മനുഷ്യന്റെ നീതിയെപ്പറ്റി വളച്ചുകെട്ടി പറയുന്നത്. ഈ കാര്യത്തില്‍ സാമ്പത്തികസംവരണം ആവശ്യപ്പെടുന്നവരും സാമുദായികസംവരണം ആവശ്യപ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാണ്.
മനുഷ്യനെ എവിെടയും എക്കാലത്തും ഭരിക്കുന്നത് അവന്റെ സാമ്പത്തികമായ ആവശ്യങ്ങളും സാമൂഹികമായ ധാരണകളുമാണ്. കേരളത്തിലെ സാമൂഹികതയുടെ മാനദണ്ഡം ജാതിയാണ്. മതത്തിനും കേരളത്തില്‍ ജാതിയുടെ ലക്ഷണമാണുള്ളത്. സാമ്പത്തികതയില്‍ മനുഷ്യനെ ഭരിക്കുന്നത് ആവശ്യവും നിറവേറലും തമ്മിലുള്ള ആനുപാതികതയാണ്. ജാതി എന്നതു തലമുറതലമുറയായി മനസ്സില്‍ വന്നുചേര്‍ന്നിട്ടുള്ള മിഥ്യാഭിമാനത്തില്‍ പ്രതിഷ്ഠിതമാണ്. സാമൂഹികതയെ ശാസ്ത്രവീക്ഷണത്തോടുകൂടി നോക്കുന്നവര്‍ക്കാണ് ആരുടെയും അഭിമാനം മിഥ്യയാണെന്നു തോന്നുന്നത്. എന്നാല്‍ തലമുറകളായി ജീവിച്ചുപോരുന്നവര്‍ക്ക് അത് യാഥാര്‍ത്ഥ്യമാണ്. ഒരുവന്റെ മതം മാറ്റാന്‍ കഴിയും. ബ്രാഹ്മണനായാലും പറയനായാലും അവന്റെ ജാത്യാഭിമാനം അവനു സമ്മതമാണെന്നു മാത്രമല്ല മറ്റ് ഏവരുടെയും ജാതിയെക്കാളും പ്രിയങ്കരവും അനിവാര്യവുമാണ്. അതുകൊണ്ടു മതം മാറാതെ ജാതി മാറ്റാന്‍ പറ്റുകയില്ല എന്നാണ് ഒരു ഹിന്ദു അടിസ്ഥാനപരമായി വിശ്വസിക്കുന്നത്. ജാതി മാറേണ്ടിവരുന്നതു സാമ്പത്തികമായ ആവശ്യത്തിന്റെ നിര്‍വ്വഹണത്തിനാണ്. അതിന്റെ പിന്നില്‍ സാമ്പത്തികകമ്പോളത്തിലെ കര്‍ക്കശമായ കാര്‍മ്മികനിയമങ്ങളാണുള്ളത്.
സമൂഹത്തിലെ മാന്യതയ്ക്ക് മ്ലേച്ഛത്വം ഒരു വലിയ വിലങ്ങുതടിയാണ്. സമാനകര്‍മ്മങ്ങളുള്ളവരുടെ ഇടയില്‍ അംഗീകാരം സുസാധ്യമായിരിക്കവെ തന്നെ മാന്യതയുടെയും അപമാനത്തിന്റെയും മാനങ്ങള്‍ കാല്പനികമായി വന്ന് അവരെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ കല്പനയെ തിരുത്തുന്ന ഉപാധികളാണ് ധനം, വിദ്യാഭ്യാസം, അധികാരം, ആഭിജാത്യം എന്നിവ. എത്ര മാന്യത കുറഞ്ഞ തൊഴിലുകൊണ്ടു ധനം ഉണ്ടാക്കിയാലും സാമ്പത്തികമേഖലയില്‍ അതിന് അയിത്തം കല്പിക്കാറില്ല. ജാതീയമായ മാന്യതയും അവമതിയും നിലനില്ക്കുന്നത് പരമ്പരാഗതമായി ഒരു വ്യക്തിയിലോ സമൂഹത്തിലോ വന്നുചേര്‍ന്നിട്ടുള്ള ഉത്കര്‍ഷതാബോധത്തിലും അപകര്‍ഷതാബോധത്തിലുമാണ്. ഇക്കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടയില്‍ ഈ താരിപ്പുകള്‍ക്കെല്ലാം നിരന്തരമായ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടു വസ്തുനിഷ്ഠമായ പഠനം നടത്തുവാന്‍ സാമൂഹികശാസ്ത്രത്തിനും സാമ്പത്തികശാസ്ത്രത്തിനും സാംസ്‌കാരികമാനങ്ങള്‍ക്കും നിഷ്‌കര്‍ഷത ഇല്ലാതായിപ്പോകുന്നു. ഈ അടിസ്ഥാനത്തിലാണു സാമ്പത്തികഭദ്രതയും സാമൂഹികഭദ്രതയും പുനര്‍വിചാരണയും വിലയിരുത്തലും ചെയ്യേണ്ടിയിരിക്കുന്നത്.
നവനീതങ്ങളും മട്ടികളും
ബാങ്കില്‍ പണത്തിന്റെ നിക്ഷേപം, അറിവില്‍ വിദ്യയുടെ മേന്മ, ദൈനംദിന ജീവിതത്തില്‍ അധികാരം കൈയാളാനുള്ള പദവി ഇതെല്ലാം ഒരുവനു ലഭ്യമായാല്‍ അവനു നവനീതത്തിന്റെ അംഗീകാരം ലഭിക്കും. ഇവയൊക്കെ ഹിന്ദുമതത്തിലുള്ളതുപോലെ ഇസ്‌ലാമിലും ക്രിസ്തുമതത്തിലും ഉണ്ട്. ചരിത്രപരമായി തലമുറകളില്‍ക്കൂടി വന്നിട്ടുള്ള ആഭിജാത്യംകൂടി അതിന്റെ കൂടെ ഉണ്ടായിരിക്കുകയാണെങ്കില്‍ ഈ നവനീതത്തിനു പൊന്നുംകുടത്തിനിട്ട പൊട്ടുപോലെയുള്ള ശോഭയും ഉണ്ടാവും. അനഭിജാതന് മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയുന്ന വ്യക്തിത്വകാന്തി എത്ര ഭാസുരമായിരുന്നാലും അതു മൂടല്‍മഞ്ഞില്‍ക്കൂടി കാണുന്ന സൂര്യോദയത്തെപ്പോലെയേ ആയിരിക്കുകയുള്ളൂ.
ഒരു മനുഷ്യനെത്തന്നെ വിലയിരുത്തുന്ന കാര്യത്തില്‍ നവനീതതാരിപ്പുകള്‍ മാറും. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെയല്ല മാറ്റം സംഭവിക്കുന്നത്. അതു സാമൂഹികത നല്കിയ സംസ്‌കാരത്തിലും സാമ്പത്തികത നല്കിയ പരിഷ്‌കൃതിയിലും ഒരുവന് എപ്രകാരമാണ് ആനുപാതികമായി അധിഷ്ഠിതനായിരിക്കുന്നത് എന്നതില്‍ കലര്‍ന്നുനില്ക്കുന്നതിനാല്‍ ഒരുവന്റെ ആഭിജാത്യവും അനഭിജാത്യവും വരുന്നതു വെണ്മയില്‍ കൂടെക്കൂടെ കരിനിഴല്‍ സ്ഫുരിക്കുന്നതുപോലെയാണ്. ഇതു വ്യക്തമായി കാണാവുന്നതു സാഹിത്യത്തിലെ നേട്ടങ്ങളും ശാസ്ത്രത്തിലെ നേട്ടങ്ങളും വിലയിരുത്തേണ്ടിവരുമ്പോഴും ദാര്‍ശനികതയുടെ തനിമയെ അംഗീകരിക്കപ്പെടേണ്ടിവരുമ്പോഴുമൊക്കെയാണ്.
സാമൂഹികമായ അവമതി പ്രകടമായി പുറത്തുവരുന്നതല്ല. അതു രഹസ്യമായി അവരവരുടെ ഉള്ളില്‍ത്തന്നെ ഒളിപ്പിച്ചുവച്ചിരിക്കുന്നു. അപരനെപ്പറ്റി അധമന്‍ എന്ന് ഉള്ളില്‍ വിശ്വസിക്കുകയും പ്രഥമന്‍ എന്നു ബാഹ്യത്തില്‍ അംഗീകരിക്കേണ്ടിവരികയും ചെയ്യുമ്പോള്‍ പലരുടെയും മനസ്സില്‍ ഋണാത്മകതയുടെയും ധനാത്മകതയുടെയും ഇടയിലുള്ള ഒരു ആന്ദോളനമാണ് നടക്കുന്നത്. അതു വളരെ രഹസ്യമാണെങ്കിലും. ചില സാമൂഹ്യനിലപാടുകള്‍ സ്വീകരിക്കുവാന്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഒളിച്ചുവച്ച പൂച്ച് പുറത്തുവരും. വ്യക്തിക്ക് എപ്രകാരമാണോ സ്‌കിസോഫ്രേനിയ വരുന്നത് അതിനെക്കാള്‍ വേദനാജനകമായ രീതിയിലാണ് സാമൂഹ്യമനസ്സിനും ഇമ്മാതിരിയിലുള്ള സ്‌കിസോഫ്രേനിയ ഉ്യുാകുന്നത്.
സാഹിത്യത്തിലെ അവാര്‍ഡുദാനങ്ങള്‍ ശാസ്ത്രത്തിലെ അംഗീകാരം, അധികാരത്തോടു കാണിക്കേണ്ട അനുസരണം ഇവയിലെല്ലാം വസ്തുവിന്റെ നല്പിനെക്കാളും, വസ്തു കൈകാര്യം ചെയ്യുന്നവനു സാമൂഹികമായി നല്കുന്ന അംഗീകാരത്തിലാണ് അവ അധിഷ്ഠിതമായിരിക്കുന്നത്. അധികാരസ്ഥാനത്തുനിന്ന് എന്ത് ആനുകൂല്യം കിട്ടി എന്നതിനല്ല, ആരു കൊടുത്തു എന്നതിനാണ് പ്രാമുഖ്യം. അതുകൊണ്ട് നമ്മുടെ രാജ്യത്തു സാമൂഹ്യനീതി ലഭിക്കുന്നില്ല എന്നു പരമ്പരയാ അവമതിയില്‍ കഴിഞ്ഞവര്‍ക്ക് അകമേ ബോധ്യമാകുന്നു. അവനും അതു പറയുവാന്‍ മടിയുണ്ട്. ഇതെല്ലാം മുഖംമൂടി മാറ്റി പുറത്തേക്കു വന്ന് ആക്രോശിക്കുന്നത് സാമ്പത്തികമായ നേട്ടം ഭദ്രമായി വരുമ്പോഴും സാംസ്‌കാരികനേട്ടത്തെ അവജ്ഞയോടെ തള്ളിക്കളയുമ്പോഴും അധികാരവിനിയോഗത്തില്‍ അനുസരണം പാലിക്കേണ്ടിവരുമ്പോഴുമൊക്കെയാണ്. അപ്പോഴൊക്കെയാണ് അഭിജാതനും അനഭിജാതനും പരസ്പരവിരുദ്ധമായ രണ്ടു താരിപ്പുകള്‍ നഗ്നമായി കാണേണ്ടിവരുന്നത്.
ഹിന്ദുക്കളിലെ പല ഉപവിഭാഗങ്ങളിലും പ്രസക്തമായി വരുന്ന മനോഭാവങ്ങളെപ്പറ്റിയാണിവിടെ നാം പറയാന്‍ ശ്രമിക്കുന്നത്. എത്ര പരാധീനത അനുഭവിക്കുന്ന നായരാണെങ്കിലും അവന്റെ ഉള്ളില്‍ മാടമ്പിത്തത്തെപ്പറ്റിയുള്ള മിഥ്യാഭിമാനമിരിപ്പുണ്ട്. അതുകൊണ്ട് ഇപ്പോള്‍ ദരിദ്രാവസ്ഥയില്‍ കിടക്കുന്ന അവന് ഒത്താശ ചെയ്യണം എന്നു പറയുവാന്‍ അവന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. ഈഴവന്‍ എത്ര നവാഭിജാതനായിത്തീര്‍ന്നാലും അവന്റെ ഉള്ളില്‍ അപ്പൂപ്പന്റെ പഴയ ചെത്തുപാളയെപ്പറ്റിയുള്ള അസ്വസ്ഥമായ ഓര്‍മ്മകള്‍ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. പൂര്‍വ്വികമായ ഓര്‍മ്മകളില്‍നിന്നുള്ള മുക്തിയാണ് ഓരോ കേരളീയനും അവശ്യം ലഭിക്കേണ്ടുന്നത്. ഈ പുകമറകള്‍ മാറിയാലേ കേരളത്തിന്റെ സാമൂഹികതയ്ക്ക് ഒരു ശാസ്ത്രീയമാനം ലഭിക്കുകയുള്ളൂ. അതു മറച്ചുവച്ചുകൊണ്ടാണു മറ്റവനോടു മനുഷ്യന്റെ നീതിയെപ്പറ്റി വളച്ചുകെട്ടി പറയുന്നത്. ഈ കാര്യത്തില്‍ സാമ്പത്തികസംവരണം ആവശ്യപ്പെടുന്നവരും സാമുദായികസംവരണം ആവശ്യപ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാണ്.
അധികാരത്തിലിരിക്കുന്നവര്‍ നീതിയുടെ കിന്നരിവച്ച തലപ്പാവ് അണിഞ്ഞിരിക്കുമ്പോഴും അനീതിയുടെ നേര്‍ക്ക് മനഃപൂര്‍വ്വം കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കേണ്ടിവരുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന മനഃസാക്ഷിക്കുത്ത് അവര്‍ക്കു വേണ്ടത്ര ഒളിച്ചുവയ്ക്കുവാന്‍ കഴിയാതെ പോകുന്നു. തലമുറകളായി അപകര്‍ഷത അനുഭവിച്ചുപോരുന്ന ഒരുവനെ നീതിപീഠത്തില്‍ അവരോധിക്കുമ്പോള്‍ നീതിപീഠത്തിലിരിക്കുന്ന ഒരു അഭിജാതനെപ്പോലെയല്ല അനഭിജാതന്‍ പെരുമാറുന്നത്. താന്‍ നീതിയുടെ പരമമൂര്‍ത്തിയാണെന്നു ബോധ്യപ്പെടുത്തണമെങ്കില്‍ അവന്‍ സ്വപക്ഷപാതം കാണിച്ചുകൂടെന്നു മാത്രമല്ല, സ്വപക്ഷത്തെ പ്രതിപക്ഷമെന്നവണ്ണം നിഷ്‌കരുണം അടിച്ചുവീഴ്ത്തുവാന്‍കൂടി നിര്‍ബന്ധിതനാണെന്നു സ്വയമേ വിശ്വസിച്ചുപോകുന്നു. അഭിജാതന് പൂര്‍വ്വപരിചയം വച്ചുകൊണ്ട് അനീതി എത്രവേണമെങ്കിലും ആവര്‍ത്തിക്കാം. എന്നാല്‍ അനഭിജാതനു മുന്‍പ് ഒരിക്കലും കിട്ടാതിരുന്ന അവസരം കിട്ടുമ്പോള്‍ അതിനെ ഒരു ക്രെഡിറ്റ് കോര്‍ ആക്കുന്നതിനുവേണ്ടി നീതിയുടെ സ്ഥാപനത്തിനായി അസന്ദിഗ്ദ്ധമായും ഉച്ചത്തിലും നീതി പ്രസ്താവിക്കേണ്ടിവരും. അപ്പോഴൊക്കെയും സ്വപക്ഷഭേദമില്ലെന്നു തെളിയിക്കുവാന്‍ വേണ്ടി കണക്കിലേറെ സ്വപക്ഷീയരെ ശിക്ഷിക്കേണ്ടതായും വരും.
നവനീതമെന്നു പറഞ്ഞാല്‍ ക്രീമിലെയര്‍ . മട്ടി എന്നു പറഞ്ഞാല്‍ സ്‌കം. കേരളത്തിലെ മനുഷ്യരെല്ലാം മനുഷ്യര്‍തന്നെയാണ്. അവന്റെ ചരിത്രപശ്ചാത്തലം അനേക തലമുറകളായി നീതി നിഷേധിക്കപ്പെട്ടവരുടെയും അന്യോന്യം നീതി നിഷേധിക്കുവാന്‍ വ്യഗ്രത കാണിച്ചവരുടേതുമാണ്. എന്നിരുന്നാലും ശരീരത്തിലും ഇന്ദ്രിയങ്ങളിലും മനസ്സിലും മനുഷ്യര്‍ ഒരേ മനുഷ്യപ്രകൃതിക്കു ചേരുന്ന മാതിരിയാണ് പെരുമാറുന്നത്. ബുദ്ധിയുടെ ചാതുര്യത്തിലും വക്രതയിലും സമാനസ്വഭാവമുള്ളവരാണ്. തലമുറകളായി നീതിയെ അവഹേളിച്ചുപോന്നിട്ടുള്ള ഭരണപാരമ്പര്യമുള്ളവര്‍ക്കു സ്വകാര്യതാത്പര്യത്തിനുവേണ്ടി അതിനെ പിന്നെയും പിന്നെയും നിഷേധിക്കുവാന്‍ ഒരു കൂസലുമില്ല. എന്നാല്‍ നീതി ലഭിക്കാതെ പരമ്പരകളില്‍ക്കൂടി വന്നവന് അതേ സാമൂഹികസാഹചര്യമുണ്ടായി അവന്‍ പരസ്യമായി നീതികാണിക്കേണ്ടിവരുമ്പോള്‍ സ്വപക്ഷത്തു നില്ക്കുന്നവരോടുതന്നെ കഠിനമായും കര്‍ക്കശമായും പെരുമാറുവാന്‍ അവന്‍ ഉദ്യുക്തനാകുന്നത് സ്വാത്മരക്ഷയ്ക്കുവേ്യുിയുള്ള ഒരു അടവാണ്.
സി.ഒ. മാധവന്‍ ചീഫ് സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തെക്കൊണ്ടുതന്നെ, എസ്.എന്‍.ഡി.പി.യുടെ രജിസ്‌ട്രേഷന്‍ നിരോധിക്കാതിരിക്കാന്‍ കാരണമുണ്ടോ എന്ന് സി.പി. രാമസ്വാമി അയ്യര്‍ ചോദിപ്പിച്ചതും, എസ്.എന്‍.ഡി.പി.ക്കു കിട്ടേണ്ടുന്നതായ ആനുകൂല്യങ്ങള്‍ കിട്ടാതിരുന്നത് ശ്രീനാരായണഗുരു സന്ന്യാസിസംഘം ഉണ്ടാക്കിയതുകൊണ്ടാണെന്നും അത് അനീതിയാണെന്നും ചീഫ് ജസ്റ്റിസ് കുഞ്ഞിരാമനെക്കൊണ്ടു പറയിപ്പിച്ചതും അദ്ദേഹം പറഞ്ഞതും ഇതിന് ഉദാഹരണങ്ങളാണ്. അപകൃഷ്ടന്‍ ഉത്കൃഷ്ടനായി ചമയുന്നതിന്റെ രണ്ടു ചരിത്രപരമായ ഉദാഹരണങ്ങളാണിവ.
നിഷ്പക്ഷത പാലിക്കേണ്ട നീതിപീഠങ്ങളിലിരിക്കുന്നവര്‍ക്കു ധനാത്മകമായ ധര്‍മ്മബോധവും ഋണാത്മകമായ ധര്‍മ്മബോധവും ഒഴിവാക്കുവാന്‍ കഴിയാത്ത മാതിരി മാറിമാറി അവരില്‍ അവ ആവേശിതമായി വരുമെന്നു നാം മനസ്സിലാക്കുന്നില്ല. അതുകൊണ്ടാണ് ഭരണഘടനയില്‍ക്കൂടി നമ്മിലേക്കുവന്നിട്ടുള്ള സംവരണതത്ത്വത്തെ വേണ്ടതരത്തില്‍ വിലയിരുത്തുവാന്‍ അധികാരികളും ആവശ്യക്കാരും ഒരുപോലെ പരാജിതരായിപ്പോകുന്നത്. ജാത്യാഭിമാനത്തിനു പുറത്തുവന്നിട്ട് മനസ്സിന്റെ കുതന്ത്രങ്ങളെ വ്യക്തമായി കാണുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ജാതിസംവരണത്തെയും സാമ്പത്തിക സംവരണത്തെയും പൊക്കിപ്പിടിക്കുന്നവരുടെ സ്ഥാപിതതാത്പര്യങ്ങള്‍ വ്യക്തമായി കാണുവാന്‍ കഴിയുകയുള്ളൂ. മാനവികതയെ മാത്രമേ ജനങ്ങള്‍ അഭിലഷിക്കുന്നുള്ളുവെങ്കില്‍ സോഷ്യലിസ്റ്റ് ഭരണരീതികൊണ്ട് എല്ലാ വ്യക്തികള്‍ക്കും ലഭിക്കേണ്ടുന്നതായ ജീവിതാനുകൂല്യം നല്കാന്‍ പ്രയാസമില്ലെന്നിരിക്കേ പകുതി സാമ്യവാദവും പകുതി ചരിത്രവാദവും കലര്‍ത്തി ഭരണകൂടം ഉണ്ടാക്കുന്നത് എപ്പോഴും രണ്ടു താരിപ്പുകളെ സൗകര്യംപോലെ മാറ്റിയും മറിച്ചും ചെയ്യുവാന്‍ ജനങ്ങളെ ഉദ്യുക്തരാക്കുന്നു. ജനിച്ചുവരുന്ന ഓരോ കുഞ്ഞിനും രാജ്യത്തുള്ള മറ്റെല്ലാ കുഞ്ഞുങ്ങളോടുമൊപ്പം ആഹാരം, ജീവിതസൗകര്യം, രോഗശുശ്രൂഷ, വിദ്യാഭ്യാസനൈപുണ്യം എന്നിവ ഉണ്ടാക്കിക്കൊടുക്കുന്നതാണ് വാസ്തവികവും നീതിനിഷ്ഠവുമായ സംവരണം. അവിടെ സാമ്പത്തികതയും ജാതിയും മതവും ഒന്നും നോക്കേണ്ടഎല്ലാ വ്യക്തികള്‍ക്കും ലഭിക്കുന്ന സംവരണം. അതിനു നാട്ടുകാരും സര്‍ക്കാറും തയ്യാറായാല്‍പ്പിന്നെ സാമുദായിക സംവരണമെന്നോ സാമ്പത്തികസംവരണമെന്നോ പറയേണ്ടതില്ല. മനുഷ്യന്‍മനുഷ്യന്റെ ആവശ്യനിര്‍വ്വഹണം എന്ന ഒരൊറ്റ നീതി മാത്രമേ അവിടെ പ്രസക്തമാകുന്നുള്ളു. ഇതുകൊണ്ടു ജാതിയുടെ പ്രശ്‌നത്തിനു മാത്രമല്ല പരിഹാരം ഉ്യുാകുന്നത്, സ്ത്രീപുരുഷ അസമത്വങ്ങള്‍കൂടി ഇല്ലാതാകുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ തരംതിരിക്കാതെ ഒരു മനുഷ്യവ്യക്തിക്കു കിട്ടേണ്ടുന്ന സ്വാതന്ത്ര്യവും ജീവിതത്തിലെ തുല്യപങ്കാളിത്തവും കിട്ടുമെന്നുവന്നാല്‍പ്പിന്നെ ഇപ്പോള്‍ കാണിക്കുന്ന ഒളിച്ചുകളികളൊക്കെ നിറുത്താമെന്നു തോന്നുന്നു.

 രൂപയുടെ മൂല്യം


ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.
രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.
എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.
പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.
നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.
ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.
ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.
എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.
ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.
വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.
ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.
ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.
ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.
രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.
ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.
തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.
സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!