Wednesday, 2 November 2016

മുത്ത്വലാഖ് സമുദായത്തെ പ്രതിക്കൂട്ടില്‍ ആക്കിയത്  ആര് ..?

ഏറെ കാലത്തിനു ശേഷം മുത്ത്വലാഖ് വീണ്ടും ചര്‍ച്ചയാവുന്നു  . തെരുവില്‍ നിന്നും ഈ വിവാദം ഇന്ത്യയുടെ പരമോന്നത നീധി പീടത്തിനു മുന്നില്‍ എത്തി നില്ക്കെ മുത്ത്വലാഖിന്റെ പേരില്‍ സമുദായം തന്നെ പ്രതിക്കൂട്ടില്‍ ആയിരിക്കുകയാണ്.

പ്രസ്തുത വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്ത് വരികയും ചെയ്തു. ഇത്തരം ചര്‍ച്ചകള്‍ക്കിടയില്‍ സമൂഹത്തിന്റെ മഹാഭൂരിപക്ഷവും മനസ്സിലാക്കുന്നത് 'നിന്നെ ത്വലാഖ് ചൊല്ലിയിരിക്കുന്നുഎന്ന് മൂന്ന് തവണ പറഞ്ഞ് അഞ്ച് സെക്കന്റ് കൊണ്ട് അവസാനിപ്പാക്കുന്ന ഒന്നാണ് ഇസ്‌ലാമിലെ ദാമ്പത്യ ബന്ധം എന്നാണ്. അനിവാര്യമായ ഒരു നിലയിലും ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയില്‍ മാന്യമായ രീതിയില്‍ ബന്ധം വേര്‍ പിരിയാന്‍ ദൈവം അനുവദിച്ച ഒരു മാര്‍ഗത്തെ സ്വന്തം ഇണയെ തോന്നുമ്പോള്‍ തോന്നിയപോലെ തോന്നിയയിടത്ത് ഉപേക്ഷിച്ചു പോവാനുള്ള ഒരു മാര്‍ഗമായി സമുദായത്തില്‍ ചിലര്‍ ദുരുപയോഗം ചെയ്തതിന്റെ അനന്തര ഫലമാണ് കാര്യങ്ങള്‍ ഇവിടം വരെ കൊണ്ടെത്തിച്ചത്.ഇത്തരം നീചത പ്രവര്‍ത്തിച്ചവരും അവര്‍ക്ക് വേണ്ടി മതത്തിന്റെ നിയമങ്ങളും ശരീഅത്ന്‍റെ വഴികളും ദുര്‍വ്യാഖ്യാനം ചെയ്ത മത മേലാളന്മാര്‍ക്കും സമുദായത്തോടും രാജ്യത്തോടും മാപ്പ് പറയേണ്ടി വരും

ത്വലാഖ് എന്നത് അല്ലാഹു അനുവദിച്ച ഏറ്റവും വെറുക്കപ്പെട്ട ഒന്നാണ്. നിസ്സാരമായ ഏതെങ്കിലും കാരണത്താല്‍ തന്റെ ദാമ്പതൃജീവിതം മുറിച്ചവന്‍.ഖുര്‍ആന്റെ ദൃഷ്ടിയില്‍ വിശ്വാസവുമായി ഒരുതരത്തിലും ബന്ധമില്ലാത്തവനാണ്. ഒരു സ്ത്രീ തന്റെ സ്വാര്‍ഥലാഭത്തിനു വേണ്ടി ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം തേടിയാല്‍ അവള്‍ സ്വര്‍ഗത്തിന് അവകാശിയല്ലാതായിത്തീരും എന്ന് പ്രവാചകന്‍ അരുളുകയുണ്ടായി. ഇന്ന് ചെയ്യുന്ന പോലെ , പരമോന്നത നീതി പീടത്തെ പോലും തെറ്റിദ്ധരിപ്പിച്ച പോലെ എന്തെങ്കിലും വെറുപ്പുളവാകുന്ന മുറക്ക് വിവാഹ മോചനം ചെയ്യലല്ല ഇസ്‍ലാമിന്റെ രീതി. മറിച്ച് പടിപടിയായി മാത്രമേ വിവാഹ മോചനത്തിലേക്കെത്താവൂ.

ഭാര്യ ഭര്‍ത്താവിനോട് മത അനുവദിച്ച കാര്യങ്ങളുടെ മേലില്‍  അനുസരണക്കേട് കാണിച്ചാല്‍ അവളെ നല്ല നിലയില്‍ ഉപദേശിക്കണം. എന്നിട്ടും അവള്‍ തുടര്‍ച്ചയായി  അനുസരണക്കേട് കാണിക്കുകയും അത് അസഹ്യമാവുകയും ചെയ്‌താല്‍ കിടപ്പറയില്‍ അവളെ ഒഴിവാകുകയും അവളോട് സംസാരിക്കാതിരിക്കുകയും ചെയ്യണം.എന്നാല്‍  മൂന്നു ദിവസത്തിലേറെ ഈ നില തുടരരുതെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്.
വീണ്ടും അവര്‍ അനുസരണക്കേട് കാണിച്ചാല്‍ അവരെ അടിക്കല്‍ അനുവദനീയമാണ്. അടി ഒഴിവാക്കലാണ് ഏറ്റവും ശ്രേഷ്ടമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ ശാഫിഈ ഇമാം പറഞ്ഞതായി കാണാം. ഇനി സഹികെട്ട് അടിക്കുന്നുവെങ്കില്‍ തന്നെ ശരീരത്തില്‍ അടയാളം പോലും വരാത്ത രീതിയിലായിരിക്കണം അടിക്കേണ്ടത്. ഇങ്ങനെയെല്ലാം ചെയ്തിട്ടും സ്ത്രീ വഴിപ്പെടുന്നില്ലെങ്കിലും ഇസ്‍ലാം വിവാഹമോചനത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. മറിച്ച് ഭാര്യയുടെയും ഭര്‍ത്താവിന്റെയും കുടുംബത്തില്‍ നിന്ന് ഓരോ മധ്യസ്ഥര്‍ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണം. ഇതിന് സ്ത്രീ വഴങ്ങിയില്ലെങ്കിലും വിവാഹ മോചനത്തേക്കാള്‍ നല്ലത് ക്ഷമ തന്നെ. ക്ഷമിച്ച് സഹിച്ച് ജീവിക്കണമെന്ന് ഒരു മനുഷ്യനെ നിര്‍ബന്ധിക്കുന്നത് നീതിയല്ലാത്തത് കൊണ്ട് മാത്രം ഈ ഘട്ടത്തില്‍ അല്ലാഹു വിവാഹ മോചനത്തിന് അവസരം നല്കി.
ഇങ്ങനെ ത്വലാഖിന് അനുവാദം നല്‍കിയപ്പോഴും യോജിപ്പിക്കാനുള്ള മാര്‍ഗം തന്നെയാണ് അല്ലാഹു രൂപപ്പെടുത്തിയത്. മൂന്നവസരം അല്ലാഹു നല്‍കി. അതില്‍ ഒരവസരം നഷ്ടപ്പെടുത്തിയാല്‍ അവന് മടക്കിയെടുക്കാനുള്ള അവകാശം അല്ലാഹു വക വെച്ച് നല്‍കി. ഏകദേശം മൂന്ന് മാസത്തെ ഈ ഇദ്ദകാലം ഭാര്യക്ക് ഗര്‍ഭമുണ്ടോ എന്നറയാന്‍ വേണ്ടി മാത്രമല്ല വീണ്ടുവിചാരത്തിനുള്ള അവസരം കൂടിയാണ്. പരസ്പരം ഉള്ളില്‍ സ്നേഹമുള്ള ഭാര്യഭര്‍ത്താക്കളെങ്കില്‍ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലെന്ന് അവര്‍ മനസ്സിലാക്കുകയും പിന്നീട് സ്നേഹത്തോടും സഹകരണമനോഭാവത്തോടെയും ജീവിക്കാന്‍ അത് ഹേതുവായിത്തീരുകയും ചെയ്യും. അതിനു ശേഷം രണ്ടാമതും അല്ലാഹു അനുവാദം നല്‍കി. രണ്ടാമത്തെ അവസരവും നഷ്ടപ്പെടുത്തിയാല്‍ പിന്നെ ഒരവസരമേ അല്ലാഹു അവന് നല്കിയിട്ടുള്ളൂ.
മൂന്നാമത്തെ അവസരം എടുത്തുപയോഗിക്കാതിരിക്കാന്‍ അല്‍പം കണിശമായ നിയമമാണ് ഇസ്‍ലാം വെച്ചത്. അഥവാ മൂന്ന്  ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ അതേ ഭര്‍താവിന് തന്നെ രണ്ടാമതും വിവാഹം ചെയ്യണമെങ്കില്‍ അവളെ മറ്റൊരാള്‍ വിവാഹം ചെയ്തു ലൈംഗികമായി ബന്ധപ്പെട്ടതിന് ശേഷം ത്വലാഖ് ചൊല്ലി ഇദ്ദ തീരേണ്ടതുണ്ട്. ഒരിക്കലും മൂന്നാമത്തെ അവസരം ഉപയോഗിക്കാതിരിക്കാനാണ് അല്ലാഹു ഇങ്ങനെ ചെയ്‍തത്. തന്റെ സ്നേഹ ഭാജനവുമായി മറ്റൊരാള്‍ ലൈംഗികമായി ബന്ധപ്പെടുന്നത് ബുദ്ധിയുള്ളവന്‍ ഇഷ്ടപ്പെടില്ലല്ലോ.
ഇനിയും അവസരം നല്‍കുന്നത് ചൂഷണത്തിന് കാരണമായേക്കാമെന്നത് കൊണ്ടാണ് മൂന്നില്‍ പരിമിതിപ്പെടുത്തിയത്. ഒറ്റത്തവണയായി ഈ മൂന്നവസരവും ഉപയോഗിച്ചവരെ നബി തങ്ങള്‍ ശക്തമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. മൂന്നു ത്വലാഖും ചൊല്ലിയ ഒരാളെ കുറിച്ച് വിവരമറിഞ്ഞപ്പോള്‍ ദേശ്യപ്പെട്ട് കൊണ്ട് നബി തങ്ങള്‍ പറഞ്ഞു,ഞാന്‍ നിങ്ങള്‍ക്കിടയിലുണ്ടായിരിക്കെ നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോഘട്ടംഘട്ടമായി അല്ലാഹു ഉപയോഗിക്കാന്‍ പറഞ്ഞ മൂന്ന് ത്വലാഖ് ഒറ്റത്തവണയായി ഉപയോഗിച്ചവന്‍ അല്ലാഹുവിന്റെയും റസൂലിന്റെയും കോപത്തിനര്‍ഹനായിത്തീരും
ശരീഅത്ത് നിയമം ഇങ്ങനെ ആണെന്നിരിക്കെ ത്വലാഖ് എന്നതിനെ മുത്ത്വലാഖ് ആക്കി അതിനെ ഈ വിധം ദുര്‍വ്യാഖ്യാനം ചെയ്തതും തെറ്റിദ്ധരിപ്പിച്ചതും ദുരുപയോഗം ചെയ്തതും ആരാണ് ? ഇന്ത്യയെ പോലുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ മതത്തെ ഈ വിധം മനുഷ്യത്ത്വ രഹിത , സ്ത്രീ വിരുദ്ധ ആശയമായി ഇസ്ലാമിക വിവാഹ മോചനത്തെ മാറ്റി മറിച്ചവര്‍ ആരായാലും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല . അതിനാല്‍ തന്നെ ജനാധിപത്യ ഇന്ത്യയുടെ നിയമ വ്യവസ്ഥകള്‍ കൊണ്ടും സംവിധാനം കൊണ്ടും ഇപ്പോഴത്തെ നിലയിലുള്ള ഈ മുത്ത്വലാഖിനു നിരോധനമോ നിയന്ത്രണമോ അനിവാര്യമാണ്. പകരം വിവാഹ മോചനത്തില്‍ ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധം ഇസ്ലാം മുന്നോട്ടു വെക്കുകന്ന വേര്‍പിരിയല്‍ രീതിയില്‍ ഇന്ത്യയിലെ നിലവിലെ മുസ്ലിം വ്യക്തി നിയമത്തെ പരിഷ്കരിച്ചു സംരക്ഷിക്കണം . അതോടൊപ്പം മനുഷ്യത്വ രഹിതവും സ്ത്രീ വിരുദ്ധവും അതിലേറെ ഇസ്ലാമിക വിശ്വാസത്തിനു തന്നെ നിരകാത്തതുമായ നിലവിലെ മുത്ത്വലാഖ് രീതിയെ പിന്താങ്ങുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ മനോഭാവം തിരുത്താന്‍ അവര്‍ തയ്യാറാവണം.മുത്ത്വലാഖ് മറയാക്കി രാജ്യത്തെ മത  വിശ്വാസ സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിടുന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ ഉള്ള ബി.ജെ.പിയുടെ ഗൂഡ നീകത്തെ കണ്ടില്ലെന്നു നടിക്കരുത് .

ഫസലുള്ള വെള്ളുവമ്പാലി